മുംബൈ:മഹാരാഷ്ട്രയില്‍ എൻസിപിയിലെ നാടകീയ നീക്കങ്ങൾക്ക് അവസാനമില്ല. ശക്തിതെളിയിക്കാൻ വിളിച്ചു ചേർത്ത യോഗത്തില്‍ എൻസിപിയുടെ 53 എംഎല്‍എമാരില്‍ 35 പേരും തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ട് അജിത് പവാർ വിഭാഗം. ബാക്കിയുള്ള എംഎല്‍എമാർ കൂടി തങ്ങൾക്കൊപ്പം വരുമെന്നും അജിത് പവാർ വിഭാഗം നേതാവായ ഛഗൻ ഭുജ്‌ബല്‍ പറഞ്ഞു. ബാന്ദ്രയില്‍ നടക്കുന്ന യോഗത്തില്‍ എൻസിപിയുടെ എട്ട് എംഎല്‍സിമാരില്‍ അഞ്ച് പേരും തങ്ങൾക്കൊപ്പമുണ്ടെന്നും അജിത് പവാർ വിഭാഗം അവകാശപ്പെട്ടു. യോഗത്തിന് എത്തിയ ജനപ്രതിധികളില്‍ നിന്ന് അജിത് പവാർ വിഭാഗം സത്യവാങ്‌മൂലം എഴുതി വാങ്ങുകയും ചെയ്തു.
അതേസമയം ശരദ്‌പവാർ വിളിച്ച യോഗത്തില്‍ 13 എംഎല്‍എമാർ പങ്കെടുത്തു എന്നാണ് സൂചന. ദക്ഷിണ മുംബൈയിലെ യശ്വന്ത്റാവു ചവാൻ സെന്‍ററിലാണ് ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. അതേസമയം തന്നെ ബാന്ദ്രയിലെ ഭുജ്‌ബല്‍ നോളജ് സിറ്റിയിലാണ് അജിത് പവാർ വിഭാഗം യോഗം ചേരുന്നത്.
എൻസിപിയെ പിളർത്തി എട്ട് എംഎല്‍എമാരുമായി ഏക്‌നാഥ് ഷിൻഡെ സർക്കാരില്‍ ഉപമുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അജിത് പവാർ വിഭാഗവും ശരദ് പവാർ വിഭാഗവും പരസ്യയോഗം ചേരുന്നത്. അഞ്ച് എംഎല്‍എമാർ ഇരു പക്ഷവും സംഘടിപ്പിച്ച യോഗത്തിന് എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അയോഗ്യതയില്‍ നിന്ന് ഒഴിവാകാൻ 36 എംഎല്‍എമാരുടെ പിന്തുണയാണ് ഇരു വിഭാഗത്തിനും വേണ്ടത്.
'പവാർ വിരമിക്കണമെന്ന്': മുഖ്യമന്ത്രിയായി മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും എൻസിപിക്ക് മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രിയെ സാധ്യമാക്കുമെന്നും യോഗത്തില്‍ അജിത് പവാർ അവകാശപ്പെട്ടു. നിലവില്‍ ഏക്നാഥ് ഷിൻഡെ സർക്കാരില്‍ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ. ശരദ് പവാർ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്നും അജിത് പവാർ യോഗത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു. ശരദ്‌പവാറിന്‍റെ പ്രായം പരാമർശിച്ചുകൊണ്ടായിരുന്നു അജിത് പവാറിന്‍റെ പ്രസംഗം.