ന്യൂഡൽഹി:അടുത്തയാഴ്ച ദുഷാൻബെയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ദോവൽ പങ്കെടുക്കും. അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ് ഉൾപ്പെടെയുള്ളവ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
എന്നാൽ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ, പാകിസ്ഥാൻ ഉഭയകക്ഷി ചർച്ച സ്ഥിരീകരിച്ചിട്ടില്ല. താജിക്കിസ്ഥാനാണ് ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ എട്ട് അംഗരാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ അജണ്ട ലംഘിച്ചതായി പാകിസ്ഥാൻ ആരോപിച്ചതിനെ തുടർന്ന് അജിത് ദോവൽ കഴിഞ്ഞ വർഷം നടന്ന ഉച്ചകോടിയിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ മാർച്ച് 30 ന് താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന "ഹാർട്ട് ഓഫ് ഏഷ്യ" യുടെ ഒൻപതാമത്തെ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറും പാകിസ്ഥാൻ വിദേശ്യകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും പങ്കെടുത്തിരുന്നു.