അഹമ്മദാബാദ്: ഗുജറാത്തി ഹൊറർ ത്രില്ലർ ചിത്രം 'വാഷ്' ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ക്വീൻ സംവിധായകൻ വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് അജയ് ദേവ്ഗണ്‍ ആണ്.
ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റായി മാറിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്ന സമയം സിനിമയ്‌ക്കായി ഒരു നിര്‍മാതാവിനെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. സിനിമ പൂര്‍ത്തിയായ ശേഷം, ചിത്രം കാണാന്‍ നിയോഗിച്ച സെൻസർ ബോർഡ് ഉദ്യോഗസ്ഥയെ 'വാഷ്' ഞെട്ടിച്ചു!
'വാഷി'നെ കുറിച്ച് നിർമാതാവ് കൂടിയായ സംരംഭകൻ കൽപേഷ് സോണി പ്രതികരിച്ചു. 'ഇത്തരത്തിലുള്ള സിനിമയ്‌ക്ക്, സർക്കാർ സബ്‌സിഡി ലഭിക്കില്ല. എങ്കിലും ഞങ്ങള്‍ക്കതില്‍ പ്രശ്‌നമില്ല. ചിത്രം ഞങ്ങള്‍ സെൻസർ ബോർഡിന് അയച്ചപ്പോള്‍, അത് കാണേണ്ടി വന്ന വനിത ഉദ്യോഗസ്ഥ ഞെട്ടിപ്പോയി.. 'എന്തിനാ ഒരു കൊച്ചു പെൺകുട്ടിയെ ഇങ്ങനെ പീഡിപ്പിക്കുന്നത്' എന്നായിരുന്നു ഉദ്യോഗസ്ഥയുടെ പ്രതികരണം. സിനിമയിലെ ഇരയായി അഭിനയിക്കുന്ന നടിയെ ഉദ്ദേശിച്ചാണ് ഉദ്യോഗസ്ഥ ഇപ്രകാരം പറഞ്ഞത്.' -കൽപേഷ് സോണി പറഞ്ഞു.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്‍റെ കാലാതീതമായ ഒരു കഥയാണ് 'വാഷ്' പറയുന്നത്. അഥർവയും (ഹിതു കനോഡിയ) അവന്‍റെ കുടുംബവും നീതിയുടെ ശക്തികളെ ഉൾക്കൊള്ളുമ്പോള്‍, പ്രതാപ് (ഹിതൻ കുമാർ) തിന്‍മയെ പ്രതീകപ്പെടുത്തുന്നു. സ്നേഹം, കുടുംബം, ത്യാഗം എന്നിവയുടെ പര്യവേക്ഷണത്തിലൂടെ, തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെ ഈ സിനിമ ഹൈലൈറ്റ് ചെയ്യുന്നു. ഈ ശക്തമായ സന്ദേശം പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നു.
സിനിമയിലെ തന്‍റെ വേഷത്തെ കുറിച്ച് മുതിർന്ന ഗുജറാത്തി നടൻ ഹിതൻ കുമാറും പ്രതികരിക്കുന്നു. 'ചിലപ്പോൾ ചില വേഷങ്ങൾ ഒരു നടനെന്ന നിലയിൽ നിങ്ങളെ ഭയപ്പെടുത്തും. ഇത് അത്തരത്തില്‍ ഒന്നായിരുന്നു.' -ഹിതന്‍ കുമാര്‍ പറഞ്ഞു.