നോയിഡ (ഉത്തര്‍ പ്രദേശ്):അജയ് ദേവ്ഗണിന്‍റെ "ഫൂല്‍ ഓര്‍ കാണ്ടേ" എന്ന സിനിമയെ അനുകരിച്ച് അപകടകരമായി കാര്‍ സ്റ്റണ്ടിങ് നടത്തിയ 21 കാരന്‍ അറസ്റ്റില്‍. സോരക്ക ഗ്രാമത്തിലെ രാജീവ് (21)ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ സ്റ്റണ്ട് ചെയ്യാന്‍ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ രണ്ട് കാറുകളാണ് ഇയാള്‍ അഭ്യാസത്തിനായി ഉപയോഗിച്ചത്. അമിത വേഗത്തില്‍ ഓടുന്ന രണ്ട് കാറുകളില്‍ ചവിട്ടി നില്‍ക്കുന്നതാണ് വീഡിയോ. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായാണ് ഇയാള്‍ വീഡിയോ പകര്‍ത്തിയത്. രണ്ട് കാറുകള്‍ ഉപയോഗിച്ചും രണ്ട് ബൈക്കുകള്‍ ഉപയോഗിച്ചും യുവാവ് സ്റ്റണ്ട് നടത്തിയിരുന്നു.
യുവാവിന്‍റെ വീട്ടിലുള്ളവയാണ് ഒരു കാറും ഒരു ബൈക്കും. മറ്റൊരു കാറും ബൈക്കും ബന്ധുവിന്‍റേതാണ്. സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ കണ്ട പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് വാഹന നമ്പര്‍ കണ്ടെത്തിയ പൊലീസ് ഗ്രാമത്തിലെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.