ന്യൂഡല്‍ഹി :ഡല്‍ഹി, മുംബൈ, ബെംഗളൂരു ഉള്‍പ്പടെ രാജ്യത്തെ എട്ട് നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. 2023 മാര്‍ച്ച് മാസത്തോടെ മറ്റുചില നഗരങ്ങളിലും 2024 മാര്‍ച്ചോടെ രാജ്യത്തുടനീളവും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മിത്തല്‍ പറഞ്ഞു. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് എയർടെല്‍.
''സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യമുള്ള ഒരു പ്രധാനമന്ത്രിയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നുള്ളതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം. എല്ലാ നേതാക്കളും സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ രാജ്യത്തിന്‍റെ ഉന്നമനത്തിന് എല്ലാ മേഖലയെ കുറിച്ചും വളരെ സൂക്ഷ്‌മമായി മനസിലാക്കേണ്ടതുണ്ട്. എന്‍റെ അഭിപ്രായത്തില്‍ നരേന്ദ്ര മോദിക്കല്ലാതെ മറ്റാര്‍ക്കും ഇത്തരത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല'' - ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ സുനില്‍ ഭാരതി പറഞ്ഞു.
Also Read: രാജ്യം 5ജിയിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു
കൊവിഡിലും തടസമില്ലാത്ത സേവനം : ''രാജ്യത്ത് 4ജി സേവനം ലഭ്യമാക്കുന്നതിന് വേണ്ടി റിലയന്‍സ് ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനി വഹിച്ച പങ്ക് വളരെ വലുതാണ്. അതിനൊപ്പം വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ ഞങ്ങളും ശ്രമിച്ചു. രാജ്യം കൊവിഡ് പ്രതിസന്ധി നേരിട്ടപ്പോള്‍ ഒരു മിനിറ്റ് പോലും ഞങ്ങള്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചില്ല. ഒരു ക്ലോക്ക് പോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. അതില്‍ സുപ്രധാന പങ്ക് നിര്‍വഹിച്ചത് ഡിജിറ്റല്‍ മിഷനാണ്'' - എയര്‍ടെല്‍ ചെയര്‍മാന്‍ വ്യക്തമാക്കി.
5ജി സേവനങ്ങള്‍ക്കൊപ്പം നൂറുകണക്കിന് യൂസ്‌ഡ് കേസുകള്‍ ആയിരക്കണക്കിന് സംരംഭകരെയും ഡസന്‍ കണക്കിന് പുതിയ യുണികോണുകളെയും സൃഷ്‌ടിക്കുമെന്നും സുനില്‍ ഭാരതി മിത്തല്‍ വ്യക്തമാക്കി. നിലവിലുള്ള 4ജി നിരക്കിൽ എയർടെൽ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഏതാനും നാളുകള്‍ക്ക് ശേഷം 5ജിക്ക് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപകരണങ്ങള്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌താല്‍ ഉടന്‍ സേവനം :ചെന്നൈ, ഹൈദരാബാദ്, സിലിഗുരി എന്നിവിടങ്ങളിലും എയർടെല്‍ 5ജി സേവനം അവതരിപ്പിക്കും. കമ്പനിയുടെ ബാക്കെന്‍ഡ് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാണെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ രണ്‍ദീപ് സിങ് ശേഖണ്‍ പറഞ്ഞു. പൂര്‍ണമായും 5ജി സേവനം ലഭ്യമാക്കാന്‍ കുറച്ച് ഉപകരണങ്ങള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.
ഇന്ന് മുതല്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌ത ടവറുകള്‍ക്ക് സമീപം സേവനങ്ങള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. എല്ലാ ദിവസവും എയര്‍ടെല്‍ പുതിയ നഗരങ്ങളെ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അതിന്‍റെ വ്യാപ്‌തി വലുതാക്കാന്‍ തയ്യാറെടുക്കുകയാണ്. സേവനങ്ങള്‍ ലഭ്യമാകാന്‍ 5ജി ഫോണുകളും ജനങ്ങള്‍ക്ക് ആവശ്യമാണ്. അതിനാല്‍ 5ജി ഫോണുകളും അവതരിപ്പിക്കുമെന്ന് രണ്‍ദീപ് സിങ് ശേഖണ്‍ വ്യക്തമാക്കി.
അടുത്തിടെ നടന്ന ലേലത്തില്‍ സുനില്‍ ഭാരതി മിത്തലിന്‍റെ നേതൃത്വത്തിലുള്ള കമ്പനി 43,084 കോടി രൂപ വിലമതിക്കുന്ന സ്‌പെക്‌ട്രമാണ് വാങ്ങിയത്. ലേലം കഴിഞ്ഞയുടന്‍ തന്നെ കമ്പനി 5ജി ഗിയറുകൾക്കായി എറിക്‌സൺ, നോക്കിയ, സാംസങ് കമ്പനികള്‍ക്ക് ഓർഡർ നൽകിയിരുന്നു.