ന്യൂഡല്‍ഹി: യാത്രക്കാർക്ക് മാസ്‌ക് ഉള്‍പ്പടെയുള്ള പ്രോട്ടോക്കോള്‍ കര്‍ശനമാക്കി ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). കൊവിഡ് ഉള്‍പ്പടെയുള്ള അണുബാധകള്‍ രാജ്യത്ത് വർദ്ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ഡിജിസിഎ കര്‍ശന നിയന്ത്രണം മുന്നോട്ടുവെച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ രാജ്യത്തുടനീളമുള്ള വിമാനങ്ങളിൽ റാൻഡം പരിശോധനകൾ നടത്തുമെന്നും ഡിജിസിഎ ഇന്ന് (17.08.2022) ഇറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.
' കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പറന്നാല്‍ മതി'; ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഡിജിസിഎയുടെ കര്‍ശന നിര്‍ദ്ദേശം
വിമാനത്തിനകത്ത് മാസ്‌ക് ഉള്‍പ്പടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍
യാത്രയിലുടനീളം യാത്രക്കാർ ഫെയ്‌സ് മാസ്‌ക്കുകൾ ശരിയായി ധരിച്ചിട്ടുണ്ടെന്നും, വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ യാത്രക്കാർക്ക് ശരിയായ ബോധവത്കരണം നടക്കുന്നുണ്ടെന്നും എയർലൈനുകൾ ഉറപ്പാക്കേണ്ടതുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാരൻ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ ആ യാത്രക്കാരനെതിരെ എയർലൈനുകൾ കർശന നടപടിയെടുക്കണമെന്നും അവര്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ ബുധനാഴ്ച (17.08.2022) 9,062 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതോടെ രാജ്യത്ത് ആകെയുള്ള കൊവിഡ് കേസുകള്‍ 4,42,86,256 ആയി ഉയർന്നു. ഇതിനെത്തുടര്‍ന്നാണ് വിമാനത്തിനുള്ളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ ഡിജിസിഎ എയർലൈനുകൾക്ക് വീണ്ടും നിർദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, കൊവിഡ് സജീവ കേസുകളുടെ എണ്ണം 1,05,058 ആയി കുറഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിലൂടെയുള്ള വിശദീകരണം.