ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഒരറിയിപ്പുണ്ടാകുന്നത് വരെ നിര്‍മാണ, നശീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
ഡിസംബര്‍ 7 വരെ രാജ്യതലസ്ഥാനത്ത് ട്രക്കുകള്‍ നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസല്‍ വാഹനങ്ങള്‍ക്കും ഹെവി ട്രക്കുകള്‍ക്കാണ് നിരോധനമെന്നും ചെറിയ ട്രക്കുകള്‍, ഇലക്‌ട്രിക് ട്രക്കുകള്‍ എന്നിവയ്ക്ക് നിരോധനമില്ലെന്നും ഗോപാല്‍ റായ് പറഞ്ഞു.
ഡല്‍ഹിയിലെ റെഡ് ലൈറ്റ് ഓണ്‍ കാര്‍ ഓഫ് ക്യാമ്പെയിന്‍ നീട്ടിയെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ മൂന്നിന് അവസാനിക്കുന്ന 15 ദിവസമുള്ള ക്യാമ്പയിനിന്‍റെ രണ്ടാം ഘട്ടമാണ് 18 വരെ നീട്ടിയത്. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
തിങ്കളാഴ്‌ച മുതല്‍ ഡല്‍ഹിയിലെ സ്‌കൂളുകളും കോളജുകളും സർക്കാർ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി താമസിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ബസുകളും ഒരുക്കിയിട്ടുണ്ട്.
Also read: വിളിക്കും പൊള്ളുന്ന വില ; ജിയോ,വോഡഫോണ്‍ ഐഡിയ,എയര്‍ടെല്‍ എന്നിവക്കെതിരെ ബഹിഷ്‌കരണാഹ്വാനം