ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുള്ള രക്ഷാദൗത്യത്തിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. AI1943 എന്ന വിമാനം ഇന്ന് പുലര്‍ച്ചെ 3.40 ഓടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. രാവിലെ പത്ത് മണിയോടെ (ഇന്ത്യൻ പ്രാദേശിക സമയം) വിമാനം റൊമാനിയയിലെ ബുക്കാറസ്റ്റ് വിമാനത്താവളത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
റോഡ് മാർഗം യുക്രൈന്‍-റൊമാനിയ അതിർത്തിയിലെത്തിയ ഇന്ത്യൻ പൗരന്മാരെ ബുക്കാറസ്റ്റില്‍ എത്തിച്ച് അവിടെ നിന്ന് തിരികെയെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ എയർ ഇന്ത്യ ഇന്ന് ബുക്കാറസ്റ്റിലേക്കും ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും കൂടുതൽ സര്‍വീസുകള്‍ നടത്തും.
ഫെബ്രുവരി 24ന് രാവിലെ മുതൽ സിവിൽ എയർക്രാഫ്റ്റ് ഓപ്പറേഷനുകള്‍ക്കായി യുക്രൈന്‍ വ്യോമാതിർത്തി അടച്ചു. ഇതോടെയാണ് ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടിയത്. റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ സര്‍വീസുകളുള്ളത്. വിദ്യാർഥികൾ ഉള്‍പ്പടെ ഏകദേശം 20,000 ഇന്ത്യക്കാർ നിലവിൽ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
Also read: എങ്ങും പൊട്ടിത്തെറികള്‍, വിറങ്ങലിച്ച് അരക്ഷിതരായി യുക്രൈന്‍ ജനത ; ഭീതിയില്‍ കൂട്ടപ്പലായനം
ഹംഗറി, റൊമാനിയ അതിർത്തികളിൽ എത്താനാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി നല്‍കുന്ന നിര്‍ദേശം. പാസ്‌പോർട്ട്, പണം (യുഎസ് ഡോളറിൽ), മറ്റ് അവശ്യവസ്‌തുക്കൾ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കൈയില്‍ കരുതണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തില്‍ വലുപ്പത്തില്‍ ഇന്ത്യന്‍ പതാക ഒട്ടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കീവിനും റൊമാനിയൻ അതിര്‍ത്തി ചെക്ക്‌പോസ്റ്റിനും ഇടയിലുള്ള ദൂരം ഏകദേശം 600 കിലോമീറ്ററാണ്. റോഡ് മാർഗം ഈ ദൂരം താണ്ടാന്‍ ഏകദേശം എട്ടര മണിക്കൂർ മുതൽ 11 മണിക്കൂർ വരെ എടുക്കും. റൊമാനിയൻ അതിര്‍ത്തി ചെക്ക്‌പോസ്റ്റിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് ബുക്കാറസ്റ്റ് സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗം ദൂരം താണ്ടാൻ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ എടുക്കും.
കീവിനും ഹംഗേറിയൻ അതിർത്തി ചെക്ക്‌പോസ്റ്റിനും ഇടയിലുള്ള ദൂരം ഏകദേശം 820 കിലോമീറ്ററാണ്, റോഡ് മാർഗം ഇത് താണ്ടാന്‍ 12-13 മണിക്കൂർ എടുക്കും. യുക്രൈന്‍ വ്യോമാതിർത്തി അടയ്ക്കുന്നതിന് മുമ്പ്, ഫെബ്രുവരി 22ന് തലസ്ഥാനമായ കീവിലേക്ക് എയർ ഇന്ത്യ സര്‍വീസ് നടത്തി 240 പേരെ തിരികെയെത്തിച്ചിരുന്നു.
ഫെബ്രുവരി 24നും ഫെബ്രുവരി 26നും രണ്ട് വിമാനങ്ങൾ കൂടി സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഫെബ്രുവരി 24ന് റഷ്യൻ ആക്രമണം ആരംഭിച്ചതോടെ യുക്രൈന്‍ വ്യോമാതിർത്തി അടയ്ക്കുകയായിരുന്നു.