ന്യൂഡല്‍ഹി : ഡിജിസിഎയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാനത്തിന്‍റെ കോക്ക്‌പിറ്റില്‍ പൈലറ്റിന്‍റെ പെണ്‍സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് എയര്‍ലൈന്‍. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് തന്‍റെ പെണ്‍ സുഹൃത്തിനെ കോക്ക്‌പിറ്റില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 27നായിരുന്നു സംഭവം. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
തെറ്റായ സന്ദേശം നല്‍കിയതിനെതിരെയും അന്വേഷണം നടത്തും : കാറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്നും സ്പൈസ് ജെറ്റ് വിമാനം ഉടനടി താഴെയിറക്കണമെന്നും തെറ്റായ സന്ദേശം നല്‍കിയ സംഭവത്തിലും അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 18ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനമാണ് അടിയന്തരമായി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറക്കണമെന്ന് സന്ദേശം നല്‍കിയത്.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ഇറക്കുന്നതിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിമാനം ലാന്‍ഡ് ചെയ്യാതെ പൂനെയിലേക്ക് തന്നെ തിരിക്കുകയായിരുന്നു.
അബദ്ധത്തില്‍ തെളിഞ്ഞ ഫയര്‍ലൈറ്റ് പൈലറ്റിന് വിനയായി :കഴിഞ്ഞ ദിവസം വിമാനത്തിലെ ഫയര്‍ ലൈറ്റ് അബദ്ധത്തില്‍ തെളിയിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കിയ സംഭവവുണ്ടായിരുന്നു. ഈ സാഹചര്യത്തിലും അന്വേഷണം നടത്തുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ഡല്‍ഹി - ശ്രീനഗര്‍ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പൈലറ്റ് അബദ്ധത്തില്‍ ഫയര്‍ ലൈറ്റ് പ്രകാശിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട B7B3 എയര്‍ക്രാഫ്‌റ്റ് ഓപ്പറേറ്റിങ് ഫ്ലൈറ്റ് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.