വാഷിങ്‌ടൺ:ബോയിങ്, എയർ ബസ് എന്നീ കമ്പനികളിൽ നിന്ന് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ. എയർബസിൽ നിന്ന് 250 വിമാനങ്ങളും ബോയിങ്ങില്‍ നിന്ന് 290 വിമാനങ്ങളും വാങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം. ബോയിങ്-എയർ ഇന്ത്യ കരാറിൽ 50ൽ അധികം 737 മാക്‌സുകളും 20 787-9 വിമാനങ്ങളും ഉൾപ്പെടുന്നു.
ദക്ഷിണേഷ്യയിലെ തന്നെ ബോയിങ്ങിന്‍റെ ഏറ്റവും വലിയ ഇടപാടും, എയർ ഇന്ത്യയുമായുള്ള എയ്‌റോസ്‌പേസ് കമ്പനിയുടെ ഏകദേശം 90 വർഷമായുള്ള പങ്കാളിത്ത കാലഘട്ടത്തിലെ ചരിത്രപരമായ നാഴികക്കല്ലും ആയിരിക്കുമിതെന്ന് ബോയിങ് കമ്പനി അറിയിച്ചു.
ബോയിങ്ങുമായുള്ള എയർ ഇന്ത്യയുടെ കരാറിനെ ചരിത്രപരമെന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രശംസിച്ചത്. എയർ ഇന്ത്യയും ബോയിങ്ങും തമ്മിലുള്ള കരാറിലൂടെ 200ലധികം അമേരിക്കൻ നിർമിത വിമാനങ്ങൾ വാങ്ങാനുള്ള ധാരണ യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എയർബസും ടാറ്റ സൺസും തമ്മിലുള്ള കരാറിനെ ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന്‍റെ ഒരു പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് കരാറെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന.