ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കേന്ദ്ര സർക്കാർ ലേലത്തിന് വച്ച എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് വാങ്ങാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിക്കുന്നത്.
ലേലനടപടികളിൽ അഴിമതി നടന്നുവെന്നും പൊതുതാൽപര്യത്തിന് എതിരാണെന്നും ഹർജിയിൽ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ലേലം ഏകപക്ഷീയവും ടാറ്റ ഗ്രൂപ്പിന് അനുകൂലമായ രീതിയിലായിരുന്നുവെന്നും ഹർജിയിൽ സ്വാമി ചൂണ്ടിക്കാട്ടുന്നു. ലേലത്തിൽ ടാറ്റയ്ക്ക് എതിരാളി മദ്രാസ് ഹൈക്കോടതിയിൽ പാപ്പരത്ത നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സ്പൈസ് ജെറ്റ് ഉടമയുടെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യമായതിനാൽ ഫലത്തിൽ ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തുള്ളൂവെന്നും ഹർജിയിൽ പറയുന്നു.
എയർ ഇന്ത്യയുടെ ഭീമമായ നഷ്‌ടം കണക്കിലെടുത്താണ് 2017ൽ ഓഹരി വിറ്റഴിക്കാനുള്ള നയം കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എപ്പോൾ ഓഹരി വിറ്റഴിക്കൽ നടന്നാലും അതുവരെയുള്ള നഷ്‌ടം വഹിക്കുന്നത് കേന്ദ്ര സർക്കാർ ആണെന്നും അതിനു ശേഷം വരുന്ന നഷ്‌ടം ലേലത്തിൽ വാങ്ങിയയാൾ വഹിക്കുമെന്നും തുഷാർ മേത്ത അറിയിച്ചു.
സ്‌പൈസ് ജെറ്റ് ഒരിക്കലും ഒരു കൺസോർഷ്യത്തിന്‍റെ ഭാഗമല്ലെന്നും അതിനാൽ സ്‌പൈസ് ജെറ്റിനെതിരായ നടപടികൾ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് അപ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വൻ തുകയുടെ പണമിടപാടുകൾ നടക്കുന്നതിനാൽ ഹർജി നടപടികൾ തുടരരുതെന്ന് ടാറ്റ ഗ്രൂപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Also Read: പഞ്ചാബില്‍ പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്‌ചയില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ; വെള്ളിയാഴ്‌ച പരിഗണനയ്ക്ക്