ന്യൂഡൽഹി:ഇസ്രയേലിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അവിടേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഒക്‌ടോബർ 14 വരെയാണ് സർവീസുകൾ നിർത്തിയത്. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചും സർവീസുകൾ നടത്തില്ല (Air India Cancels Tel Aviv Flight Till Oct 14). യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
“ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങൾ 2023 ഒക്ടോബർ 14 വരെ നിർത്തിവച്ചിരിക്കുന്നു,” എയർ ഇന്ത്യ വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു. ഈ കാലയളവിൽ ഏതെങ്കിലും ഫ്ലൈറ്റിൽ ബുക്കിങ് സ്ഥിരീകരിച്ചതായ യാത്രക്കാർക്ക് എയർലൈൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
എയര്‍ ഇന്ത്യയുടെ ഫുള്‍ സർവീസ് കാരിയർ ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്‌ചയില്‍ അഞ്ച് ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. യുദ്ധ പ്രഖ്യാപനത്തിനു പിന്നാലെ ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കും ടെൽ അവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള രണ്ട് സർവീസുകൾ ഇന്നലെ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.
കൊല്ലപ്പെട്ട ഇസ്രയേലി പൗരന്മാരുടെ എണ്ണം 300 കവിഞ്ഞു:ഹമാസ് ആക്രമണത്തില്‍ (Hamas Israel Conflict) കൊല്ലപ്പെട്ട ഇസ്രയേലി പൗരന്മാരുടെ എണ്ണം 300 കവിഞ്ഞു. 1,590 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം (Hamas attack in Israel).
ഇസ്രയേലില്‍ നിന്നുള്ള നിരവധി സാധാരണക്കാരെയും ഇസ്രയേല്‍ പ്രതിരോധ സേനയിലെ (Israel Defense Forces) സൈനികരെയും ഗാസയിലേക്ക് കടത്തിക്കൊണ്ട് പോയതായും സൂചനയുണ്ട്. ബന്ധികളാക്കപ്പെട്ടവരുടെ എണ്ണം ഇസ്രയേല്‍ ഭരണകൂടത്തിന് അറിയാവുന്നതിനേക്കാള്‍ കൂടുതലാണെന്ന് ഹമാസ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ (ഒക്‌ടോബര്‍ 7) പ്രാദേശിക സമയം രാവിലെ 6.30ഓടെയാണ് ആക്രമണം ആരംഭിച്ചത്.
ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചായിരുന്നു ആക്രമണം. 20 മിനിട്ടില്‍ ഇസ്രയേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ആക്രമണത്തില്‍ ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോണ്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങളാണ് ബാധിക്കപ്പെട്ടത്.
Also Read: Chronology Of Israel Palestine Clash ഇസ്രായേല്‍ പാലസ്‌തീന്‍ സംഘര്‍ഷം; ദശകങ്ങളായി കെട്ടടങ്ങാതെ അശാന്തി; പരന്നൊഴുകി കണ്ണീര്‍പ്പുഴ
ഇതിനിടെ ഹമാസ് സംഘം ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്‌തു. ഇസ്രയേലില്‍ എത്തിയ സംഘം നഗരങ്ങള്‍ പിടിച്ചടക്കുകയായിരുന്നു. 'അല്‍ അഖ്‌സ കൊടുങ്കാറ്റ്' എന്ന് ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് അല്‍ ദെയ്‌ഫ് വിശേഷിപ്പിച്ച ആക്രമണം, സ്‌ത്രീകള്‍ക്ക് എതിരായ ആക്രമണം, ജറുസലേമിലെ അല്‍ അഖ്‌സ മസ്‌ജിദിനെ അപമാനിക്കല്‍, ഗാസ ഉപരോധം എന്നിവക്കുള്ള മറുപടിയാണെന്ന് പ്രതികരിച്ചിരുന്നു. ഹമാസ് ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ നഗരമായ സ്‌ഡെറോട്ടിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നതിന്‍റെ ചില വീഡിയോകളും പ്രചരിച്ചിരുന്നു.
യന്ത്രം ഘടിപ്പിച്ച പാരഗ്ലൈഡറുകളില്‍ ഇസ്രയേല്‍ അതിര്‍ത്തി കടന്നെത്തുന്ന ഹമാസ് അംഗങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഹമാസിന്‍റെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രത്യാക്രമണത്തിന് തുടക്കം കുറിച്ചു. ഹമാസിന് നേരെ ഇസ്രയേല്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനിടെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഇസ്രയേലിന് പിന്തുണയുമായി രംഗത്തെത്തി. ആക്രമണം നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. 'ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കി. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇസ്രയേലിന് ഒപ്പം നില്‍ക്കുന്നു' -എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചത്.
Also Read: Israel Palestine Conflict ഹമാസ് ആക്രമണം; തിരിച്ചടി ശക്തമാക്കി ഇസ്രായേല്‍; 200ലേറെ പേര്‍ കൊല്ലപ്പെട്ടു, ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം
ഹമാസിന്‍റെ ആക്രമണം നേരിടുന്ന ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്കയും രംഗത്തെത്തി. (US Stands With Israel In Hamas Attack). ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നു എന്നും ആവശ്യമായ സഹായം എത്തിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു (Joe Biden on Hamas Israel Attack).
'ഇസ്രയേല്‍ ജനത ഹമാസ് എന്ന ഭീകര സംഘടനയുടെ ആക്രമണത്തിലാണ്. ഈ ദുരന്ത നിമിഷത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് ഹമാസിനോടും ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള ഭീകരവാദികളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രയേലിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്നോട്ട് പോകില്ല' -ബൈഡന്‍ പറഞ്ഞു.