കേരളം

kerala

ETV Bharat / bharat

രേവന്ത് റെഡ്ഡി സർക്കാരിനും നിയമസഭയ്ക്കും വിവാദത്തുടക്കം, അക്ബറുദ്ദീൻ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി എംഎല്‍എമാർ - ബിജെപി എംഎല്‍എ രാജാ സിങ്

തെലങ്കാന നിയമസഭയില്‍ അക്‌ബറുദ്ദീൻ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന നിലപാടിലാണ് ബിജെപി എംഎല്‍എമാർ. ബിജെപി എംഎല്‍എ രാജാ സിങാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്.

AIMIM Akbaruddin Owaisi Protem Speaker Telangana Legislative Assembly
AIMIM Akbaruddin Owaisi Protem Speaker Telangana Legislative Assembly

By ETV Bharat Kerala Team

Published : Dec 9, 2023, 1:19 PM IST

ഹൈദരാബാദ്: മൂന്നാമത് തെലങ്കാന സംസ്ഥാന നിയമസഭയുടെ ആദ്യ സമ്മേളനത്തിന് വിവാദത്തുടക്കം. എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാർ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇന്നലെയാണ് (08.12.23) അക്ബറുദ്ദീൻ ഒവൈസിയെ തെലങ്കാന നിയമസഭയുടെ പ്രോടേം സ്പീക്കറായി ഗവർണർ നിയമിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നും നിയമസഭ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ശേഷം നിയമസഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ നിയമസഭ സമ്മേളനം നിയന്ത്രിക്കുന്നതിനാണ് പ്രോ-ടേം സ്പീക്കറെ (താൽക്കാലിക റോൾ) നിയമിക്കുന്നത്.

സ്ഥിരം സ്‌പീക്കർ വരട്ടെയെന്ന് ബിജെപി: അക്‌ബറുദ്ദീൻ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന നിലപാടിലാണ് ബിജെപി എംഎല്‍എമാർ. ബിജെപി എംഎല്‍എ രാജാ സിങാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ മറ്റ് എംഎല്‍എമാരും അക്‌ബറുദ്ദീൻ ഒവൈസിയേയും സത്യപ്രതിജ്ഞ ചടങ്ങും ബഹിഷ്‌കരിക്കുകയായിരുന്നു. നേരത്തെ വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ കേസുകൾ നേരിടുന്ന എംഎല്‍എയാണ് രാജാ സിങ്. ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ വ്യക്തിയാണ് അക്‌ബറുദ്ദീൻ ഒവൈസിയെന്നും അങ്ങനെയൊരാൾക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്നുമാണ് രാജാ സിങ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. സ്ഥിരം സ്‌പീക്കർ വന്നശേഷം സത്യപ്രതിജ്ഞ ചെയ്യാമെന്ന നിലപാടിലാണ് ബിജെപി.

ചന്ദ്രയാൻ ഗുട്ടയില്‍ നിന്ന് ആറാം തവണയും ജയിച്ച് എത്തിയ അക്‌ബറുദ്ദീൻ ഒവൈസി സഭയിലെ ഏറ്റവും മുതിർന്ന അംഗമായതിനാലാണ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ അദ്ദേഹത്തെ പ്രോടേം സ്‌പീക്കറായി നിർദ്ദേശിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം തെലങ്കാനയുടെ പുതിയ സ്‌പീക്കറായി ഗദ്ദം പ്രസാദിനെയാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.

ഇത് രണ്ടാംതവണയാണ് എഐഎംഐഎം അംഗം തെലങ്കാനയില്‍ പ്രോടേം സ്‌പീക്കറാകുന്നത്. 2018ല്‍ ചാർമിനാർ എംഎല്‍എയായിരുന്ന മുംതാസ് അഹമ്മദ് ഖാൻ പ്രോടേം സ്‌പീക്കറായിരുന്നു. അന്നും രാജാ സിങ് എഐഎംഐഎം പ്രോടേം സ്‌പീക്കറെയും സത്യപ്രതിജ്ഞ ചടങ്ങും ബഹിഷ്‌കരിച്ചിരുന്നു. കോൺഗ്രസും രേവന്ത് റെഡ്ഡിയും എഐഎംഐഎം നേതാക്കളെയും ന്യൂനപക്ഷങ്ങളെയും പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രോടേം സ്‌പീക്കറാക്കാവുന്ന നിരവധി മുതിർന്ന നേതാക്കൾ സഭയിലുണ്ടെന്നും ബിജെപി എംഎല്‍എ ആരോപിച്ചിരുന്നു.

എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) സഹോദരനും പാര്‍ട്ടിയിലെ രണ്ടാമനുമാണ് അക്ബറുദ്ദീൻ ഒവൈസി. 2023 തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റില്‍ മത്സരിച്ച എഐഎംഐഎം ഏഴിടത്താണ് ജയിച്ചത്. മലക്പേട്ട് മണ്ഡലത്തില്‍ നിന്നും അഹമ്മദ് ബിൻ അബ്ദുല്ല, ബഹാദൂർപുരയിൽ നിന്ന് മുഹമ്മദ് മുബീൻ, കർവാനിൽ നിന്ന് കൗസർ മൊഹിയുദ്ദീൻ, നാമ്പള്ളിയിൽ നിന്ന് ബലാല മുഹമ്മദ് മജീദ് ഹുസൈൻ, ചാർമിനാറിൽ നിന്ന് മിർ സുൽഫെക്കർ അലി, യാകുത്പുരയിൽ നിന്ന് ജാഫർ ഹുസൈൻ എന്നിവരാണ് അക്ബറുദ്ദീൻ ഒവൈസിക്ക് പുറമെ തെലങ്കാന നിയമസഭയിലേക്ക് എത്തിയ എഐഎംഐഎം നേതാക്കള്‍.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനത്തിന്റെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ഡിസംബർ ഏഴിനാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ഭട്ടി വിക്രമാർക മല്ലു ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. 119 ൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷം രണ്ട് തവണ അധികാരത്തിലിരുന്ന ബിആർഎസ് 38 സീറ്റുകൾ നേടി പ്രതിപക്ഷത്തിരുന്നപ്പോൾ എഐഎംഐഎം ഏഴ് സീറ്റുകളും ബിജെപി എട്ട് സീറ്റുകളും നേടി.

ABOUT THE AUTHOR

...view details