പല കാരണങ്ങള്‍ കൊണ്ടും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അക്കൂട്ടത്തിലൊന്നാണ്, മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സീറ്റുകളിൽ, മുസ്‌ലിം സ്ഥാനാർഥികളുടെ എണ്ണത്തിലെ വര്‍ധന. മുസ്‌ലിം വികാരത്തെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് - ഇ - ഇത്തിഹാദുൽ മുസ്‌ലിമീന്‍ (എഐഎംഐഎം). ഈ പാര്‍ട്ടി തങ്ങളുടെ കന്നിയങ്കത്തെയാണ് ഗുജറാത്തില്‍ ഇക്കുറി അഭിമുഖീകരിക്കുന്നത്.
ഒവൈസിയുടെ പാര്‍ട്ടി 'ബദലാ'വുമ്പോള്‍?:എഐഎംഐഎം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ 12 പേരും മുസ്‌ലിങ്ങളാണ്. അസദുദ്ദീൻ ഒവൈസിയുടെ ഈ നീക്കം ബിജെപിക്ക് മണ്ഡലങ്ങള്‍ തൂത്തുവാരിയെടുക്കാനുള്ള അവസരം കൂടിയാണ് വാസ്‌തവത്തില്‍ തുറന്നുനല്‍കുന്നത്. ഒവൈസി സ്ഥാനാർഥികളെ മുന്നോട്ടുവച്ച സീറ്റുകളിലെല്ലാം ബിജെപി ഇതര പാർട്ടികൾക്ക്, കനത്ത വെല്ലുവിളി സൃഷ്‌ടിക്കും എന്നതാണ് പ്രശ്‌നം. ബിജെപിക്ക് ഗുജറാത്തില്‍ ദൃഢതയാര്‍ന്ന അടിത്തറയുള്ളതുകൊണ്ട് തന്നെ അതിന് കോട്ടം വരാന്‍ ഇക്കുറിയും ഒരു സാധ്യതയുമില്ല. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കോൺഗ്രസിന്‍റേയും എഎപിയുടേയും സ്ഥിതി അങ്ങനെയല്ലാതിനാല്‍ ഈ പാര്‍ട്ടികള്‍ക്ക് കിട്ടേണ്ട വോട്ടിന് ക്ഷീണം തട്ടുമെന്ന് സാരം.
ആവര്‍ത്തിക്കുമോ ഗോപാല്‍ഗഞ്ച്?: ബിജെപി വിരുദ്ധരെന്ന് കരുതപ്പെടുന്ന ഗുജറാത്തിലെ മുസ്‌ലിങ്ങള്‍ എല്ലായ്‌പ്പോഴും ആ പാര്‍ട്ടിയ്‌ക്ക് ബദലെന്ന നിലയ്‌ക്ക് കോൺഗ്രസിന് വോട്ട് നല്‍കിയിട്ടുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ അവർക്ക് മുന്‍പില്‍ മറ്റൊരു 'ഓപ്ഷന്‍' കൂടി ഉള്ള സ്ഥിതിയ്‌ക്ക് മുസ്‌ലിം വോട്ടുകളിൽ വിള്ളലുണ്ടാവും. എഐഎംഐഎമ്മിന്‍റെ നീക്കം എങ്ങനെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയാകുമെന്നതിന് ഉത്തമ ഉദാഹരണമാണ് ബിഹാറിലെ ഗോപാൽഗഞ്ച് മുന്നോട്ടുവയ്‌ക്കുന്നത്.
ഈ നിയമസഭ മണ്ഡലത്തില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ ഫലം, ബിജെപിക്കും ആർജെഡിക്കും തമ്മില്‍ 1,794 വോട്ടുകളുടെ അന്തരമാണ് ഉണ്ടാക്കിയത്. എഐഎംഐഎമ്മിന് അവിടെ 12,214 വോട്ടാണ് ലഭിച്ചത്. ഒവൈസി, അബ്‌ദുസലാമിനെ ആ മണ്ഡലത്തില്‍ സ്ഥാനാർഥിയായി നിർത്തിയിരുന്നില്ലായെങ്കില്‍ ഏകദേശം 10,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എങ്കിലും ഗോപാൽഗഞ്ച് ആർജെഡി പിടിച്ചേനെ.
ഗോപാൽഗഞ്ചിലുണ്ടായ അനുഭവത്തില്‍ നിന്നും മറിച്ചൊന്നായിരിക്കില്ല ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലുള്ള ജമാൽപൂർ - ഖാദിയ സീറ്റിലും ഉണ്ടാവുക. എഐഎംഐഎം കോൺഗ്രസിനും എഎപിക്കും വിലങ്ങുതടിയാവാനുള്ള എല്ലാ സാധ്യതയുമുണ്ട്. മുസ്‌ലിം മതത്തിലെ ചിപ്പ വിഭാഗത്തിലെ ആളുകള്‍ താരതമ്യേനെ കൂടുതലുള്ള മണ്ഡലമാണ് ജമാൽപൂർ - ഖാദിയ. ഒരേ സമുദായത്തിൽ നിന്നുള്ള ഇമ്രാൻ ഖെദാവാലയും സാബിർ കബ്ലിവാലയുമാണ് ഇവിടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
കോൺഗ്രസിന്‍റെ ഇമ്രാൻ ഈ സീറ്റില്‍ നിലവിലെ എംഎല്‍എയാണ്. ഒവൈസിയുടെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റുകൂടിയായ സ്ഥാനാര്‍ഥി സാബിർ ഈ മണ്ഡലത്തിലേക്ക് ഇറങ്ങുന്നതോടെ വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് ആശയക്കുഴപ്പത്തിലാവാന്‍ സാധ്യത കൂടുതലാണെന്നത് വാസ്‌തവം.
'ബിജെപിയുടെ ബി ടീം':ഒവൈസി, ബിജെപിയുടെ ബി ടീമാണെന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് എഐഎംഐഎം ഇടപെടുന്നത് എന്നതടക്കമുള്ള പ്രചാരണം രാജ്യം പലപ്പോഴായി ചർച്ച ചെയ്‌തിട്ടുണ്ട്. ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാർഥി, വോട്ട് ഭിന്നിപ്പിച്ചതിനാൽ അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്‌ട്രീയ ഇടപെടല്‍ വലിയ തോതില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഗുജറാത്തില്‍ നിന്നും ജനങ്ങൾ ഒവൈസിക്കെതിരായ പ്രതിഷേധമുയര്‍ത്തുകയും അദ്ദേഹത്തിനെതിരായ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിരുന്നവരാണ്. ബിജെപി, ആർഎസ്എസ് ഏജന്‍റ് എന്ന് സമരക്കാർ ഉറക്കെ വിളിക്കുകയും ചെയ്‌തിരുന്നു.