ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രാജ്യത്തുടനീളം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബാധിക്കുകയും ആയിരക്കണക്കിന് ആളുകൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്യുന്നു. രോഗത്തെക്കാൾ, അതിന്‍റെ ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതൽ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
നേരിയ ലക്ഷണങ്ങളുള്ള ആളുകൾ പോലും ആശുപത്രികളിലേക്ക് ഓടിയെത്തുകയാണ്. ഈ പശ്ചാത്തലത്തിൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻട്രോളജി (എഐജി) കൊവിഡിനെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സമഗ്രമായ കൊവിഡ് -19 പേഷ്യന്‍റ് ഗൈഡ് രൂപീകരിച്ചിട്ടുണ്ട്. എ.ഐ.ജി ചെയർമാനും എം.ഡിയുമായ ഡോ.ഡി നാഗേശ്വർ റെഡ്ഡിയും എ.ഐ.ജി ഡയറക്ടർ ഡോ. ജിവി റാവുവും ചേര്‍ന്നാണ് ഗൈഡ് തയ്യാറാക്കിയത്.