ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എഐസിസി നേതൃത്വമാണ് തീരുമാനം അറിയിച്ചത്. ഡികെ ശിവകുമാര്‍ ഉപ മുഖ്യമന്ത്രി ആകും. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ ശിവകുമാർ പിസിസി അധ്യക്ഷനായും തുടരും. ശിവകുമാറിന് സുപ്രധാന വകുപ്പുകളാകും ലഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ഒടുവില്‍ തീരുമാനം: അഞ്ച് ദിവസം നീണ്ട ചർച്ചകൾക്ക് ശേഷമാണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്. മുഖ്യമന്ത്രി പദത്തിനായി പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ ശക്തമായി രംഗത്ത് എത്തിയതോടെയാണ് കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിന് മാരത്തൺ ചർച്ചകൾ നടത്തേണ്ടി വന്നത്. ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും മൂന്ന് ദിവസമായി ഡല്‍ഹിയിലുണ്ടായിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ആയിരുന്നെങ്കിലും സമുദായ സമവാക്യവും ഹൈക്കമാൻഡിലെ ഭിന്നാഭിപ്രായവുമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയത്.
'സിദ്ധു' രണ്ടാം തവണ മുഖ്യമന്ത്രി പദത്തില്‍: രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുന്നത്. നേരത്തെ 2013ലാണ് സിദ്ധരാമയ്യ ആദ്യമായി കർണാടക മുഖ്യമന്ത്രിയായത്. സത്യപ്രതിജ്ഞ ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30ന് ഉണ്ടാകുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചത്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞ.
സിദ്ധരാമയ്യ സർക്കാരില്‍ ഡികെ ശിവകുമാർ മന്ത്രി പദം സ്വീകരിക്കില്ലെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാല്‍ സോണിയ ഗാന്ധി അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ നടന്ന ചർച്ചകൾക്കൊടുവിലാണ് ശിവകുമാർ ഉപമുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസ് നിയമസഭ കക്ഷിയില്‍ ആകെയുള്ള 135 എംഎല്‍എമാരില്‍ 90 പേരുടെ പിന്തുണയാണ് സിദ്ധരാമയ്യയ്ക്ക് ഉള്ളത്. 45 എംഎല്‍എമാർ ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവരാണ്.
'അതേ ആഗ്രഹം സഫലമാകുകയാണ്':ലോക്‌ദളില്‍ രാഷ്ട്രീയ പ്രവേശനം, പിന്നെ ജനത പാർട്ടിയില്‍, അവിടെ നിന്ന് ജനതാദളില്‍.. പിന്നെ ജെഡിഎസില്‍... ഒടുവില്‍ കോൺഗ്രസില്‍... 1977ല്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം 2023ല്‍ എത്തി നില്‍ക്കുമ്പോൾ സിദ്ധരാമയ്യ തെരഞ്ഞെടുപ്പിന് മുൻപേ മുഖ്യമന്ത്രി പദത്തെ കുറിച്ച് പറഞ്ഞിരുന്നു... ഇത് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണ്... പക്ഷേ സിദ്ധരാമയ്യയുടെ സ്വന്തം മണ്ഡലമായ വരുണയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മകനും മുൻ എംഎല്‍എയുമായ യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞത് 'എന്‍റെ അച്ഛൻ കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്നാണ്'...
വീണ്ടും മുഖ്യമന്ത്രിയാകുക എന്ന സ്വപ്‌നം എന്നും സിദ്ധരാമയ്യയുടെ മനസിലുണ്ടായിരുന്നു. ജെഡിഎസ് വിട്ട് കോൺഗ്രസിലെത്തി ഏഴാം വർഷം, മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയെ മറികടന്ന് കോൺഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്ക്ക് ഇത്തവണ അത് അത്ര എളുപ്പമായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ പാർട്ടിയെ മുന്നില്‍ നിന്ന് നയിച്ച ഡികെ ശിവകുമാറിനെ മറികടന്ന് മുഴുവൻ എംഎല്‍എമാരുടേയും പിന്തുണ നേടിയെടുക്കാൻ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഹൈക്കമാൻഡിന്‍റെ പിന്തുണയോടെ സിദ്ധരാമയ്യ രണ്ടാം തവണയും മുഖ്യമന്ത്രി പദത്തിലെത്തി.
2013ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോൾ മല്ലികാർജുൻ ഖാർഗെയെ മറികടന്നത് എംഎല്‍എമാരുടെ പിന്തുണ കൊണ്ടായിരുന്നു. അതേ ഖാർഗെയാണ് ഇന്ന് കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷൻ എന്നത് രാഷ്ട്രീയത്തിലെ കൗതുകം ഇരട്ടിയാക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ചേരിയില്‍ നിന്നു കൊണ്ട് കോൺഗ്രസിനെ വിമർശിച്ചിരുന്ന സിദ്ധരാമയ്യ ഇന്ന് കർണാടക കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവായി മാറിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യമായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
'സോഷ്യലിസ്റ്റായിരുന്നു': മൈസൂർ ജില്ലയിലെ വരുണയില്‍ ജനിച്ച സിദ്ധരാമയ്യ, 1977ല്‍ ലോക്‌ദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1983ല്‍ അപ്രതീക്ഷിത ജയവുമായി നിയമസഭയിലെത്തി. പിന്നീട് ജനതപാർട്ടിയിലെത്തിയ സിദ്ധരാമയ്യ 1985ല്‍ വീണ്ടും നിയമസഭയിലെത്തി. 1989ല്‍ ജനത ദളിലെത്തി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയമറിഞ്ഞു. 1999ല്‍ ദേവഗൗഡയുടെ ജെഡിഎസില്‍ ചേർന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയമറിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാർഥിയായി നിയമസഭയിലെത്തി.
2005ല്‍ ദേവഗൗഡയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും ആ പാർട്ടിയെ കോൺഗ്രസുമായി ലയിപ്പിച്ചു. 2006ല്‍ കോൺഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലെത്തി. ഒടുവില്‍ 2013ല്‍ കർണാടക മുഖ്യമന്ത്രിയുമായി. 2018ലും കോൺഗ്രസിനെ തെരഞ്ഞെടുപ്പില്‍ നയിച്ചെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മുഖ്യമന്ത്രി പദം ജെഡിഎസിന് വിട്ടു കൊടുത്ത് സഖ്യസർക്കാരിന്‍റെ ഭാഗമായി.
2023ല്‍ എത്തുമ്പോൾ അത് തന്‍റെ അവസാന നിയമസഭ തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇത്തവണ വരുണ മണ്ഡലത്തില്‍ ജനവിധി തേടിയ സിദ്ധരാമയ്യയെ തോല്‍പ്പിക്കാൻ ബിജെപി നേതാവും മന്ത്രിയുമായ വി സോമണ്ണ ആണ് മത്സര രംഗത്തുണ്ടായിരുന്നത്. ശക്തമായ പ്രചാരണത്തിലും വീഴാതെ സിദ്ധരാമയ്യ ജയിച്ച് നിയമസഭയിലെത്തി. ലിംഗായത്ത് സമുദായത്തിന്‍റെ പിന്തുണയും അമിത് ഷായും യെദ്യൂരപ്പയും നേരിട്ടെത്തി നടത്തിയ പ്രചാരണവും ഒന്നും ബിജെപിക്ക് വോട്ടായി മാറിയില്ല.
ഒരു ദിവസം ഞാൻ വീണ്ടും കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞ സിദ്ധരാമയ്യയെ ബിജെപി നേതാക്കൾ കളിയാക്കിയിരുന്നു. പക്ഷേ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കന്നഡത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ മുഴുവൻ നേതാവായി മുഖ്യമന്ത്രിയായി കർണാടക വിധാൻ സൗധയിലേക്ക് നടന്നുകയറുകയാണ് സിദ്ധരാമയ്യ.