ന്യൂഡല്‍ഹി:ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ചതിനേക്കാള്‍ വൈകുമെന്ന് സൂചന. സെപ്റ്റംബര്‍ 20ന് തെരഞ്ഞെടുപ്പ് അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തെ ഷെഡ്യൂള്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ 'ഭാരത് ജോഡോ യാത്ര'യുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വൈകുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തക സമിതി വരുന്ന ഞായാറാഴ്‌ച (28.08.22) ഓണ്‍ലൈനായി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലായിരിക്കും തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂള്‍ തീരുമാനിക്കുക. ഈ വര്‍ഷം ഓഗസ്റ്റ് 21നും സെപ്‌റ്റംബര്‍ 20നും ഇടയില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തും എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്.
ബ്ലോക്ക് കമ്മറ്റികളിലേക്കും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 മുതല്‍ മെയ് 31 വരെയുള്ള തീയതികളിലും, ജില്ല അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 1 മുതല്‍ ജൂലായ് 20 വരെയുള്ള തീയതികളിലും, പിസിസി അധ്യക്ഷ സ്ഥാനത്തേക്കും എഐസിസിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ജൂലായ് 21 മുതല്‍ ഓഗസ്റ്റ് 20 വരെയുള്ള തീയതികളിലും, എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 21 മുതല്‍ സെപ്‌റ്റംബര്‍ 20 വരെയുള്ള തീയതികളിലും നടത്തണമെന്നായിരുന്നു തീരുമാനിക്കപ്പെട്ടത്.
ഓക്ടോബറില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുഴുവന്‍ സമയ ദേശീയ പ്രസിഡന്‍റ് ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര സെപ്‌റ്റംബര്‍ ഏഴിനാണ് ആരംഭിക്കുന്നത്. 3,570 കിലോമീറ്ററാണ് യാത്ര നീളുന്നത്. യാത്ര പൂര്‍ത്തിയാവാന്‍ എകദേശം അഞ്ച് മാസത്തോളം എടുക്കും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് യാത്ര നീങ്ങുന്നത്. പ്രധാന ഭാരത് ജോഡോ യാത്രയ്‌ക്ക് ഒപ്പം സംസ്ഥാനങ്ങള്‍ക്കുള്ളിലൂടെയുമുള്ള ഭാരത് ജോഡോ യാത്രകളും ഉണ്ടാവും.
അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്നതില്‍ ആകാംക്ഷ:രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ള പല മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്നതില്‍ ആകാംക്ഷ നില നില്‍ക്കുകയാണ്. എഐസിസി സ്ഥാനത്തേക്ക് ഇല്ല എന്ന തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്.
അതിനിടെ, കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ പേര് പരിഗണിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അശോക് ഗെലോട്ട് തള്ളി കളഞ്ഞു. അവസാന നിമിഷം വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിക്കുമെന്നും ഗെലോട്ട് പറഞ്ഞു. അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയാണ് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് എന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വന്നില്ലെങ്കില്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന പലര്‍ക്കും നിരാശയുണ്ടാകുമെന്നും ഗെലോട്ട് പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്‌ചവെച്ചതിനെ തുടര്‍ന്ന് 2019ലാണ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതല ഏല്‍ക്കുകയായിരുന്നു. കബില്‍ സിബല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ് എന്നിവര്‍ അടങ്ങുന്ന ജി 23 നേതാക്കള്‍ പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷ വേണമെന്നും പരിഷ്‌കരണം വേണമെന്നും ആവശ്യപ്പെട്ട് കത്തയച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി 2020 ഓഗസ്റ്റില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അഭ്യര്‍ഥന മാനിച്ച് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരുകയായിരുന്നു.