ചെന്നൈ: പളനി സ്വാമിയെ പരമോന്നത നേതാവാക്കുന്നത് സംബന്ധിച്ച ജനറൽ കൗൺസിൽ യോഗം ഇന്ന്. യോഗം നടത്തിപ്പിനെതിരെയുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് എഐഎഡിഎംകെ യോഗത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ഹർജിയിൽ ജൂലൈ 11ന് രാവിലെ 9 മണിക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്‌ച അറിയിച്ചിരുന്നു.
എഐഎഡിഎംകെ അമരത്തേക്ക് പളനി സ്വാമി; ജനറൽ കൗൺസിൽ യോഗം ഇന്ന് - ഒ പനീർസെൽവം ഹർജി
യോഗം നടത്തുന്നതിനെതിരായ ഹർജിയിൽ ഇന്ന് (11.07.2022) രാവിലെ മദ്രാസ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് പളനി സ്വാമിയെ പരമോന്നത നേതാവാക്കുന്നത് സംബന്ധിച്ച ജനറൽ കൗൺസിൽ യോഗത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
യോഗത്തിന്‍റെ വിധി കോടതി വിധിയെ ആശ്രയിച്ചിരിക്കുന്നു. പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തെ തുടർന്ന് പ്രദേശം ഉത്സവ പ്രതീതിയിലാണ്. പരിപാടിയെ തുടർന്ന് ഏകദേശം 3000ത്തോളം പ്രവർത്തകർക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. പരിപാടി നടക്കുന്ന പരിസരം മുഴുവൻ പാർട്ടി ഐക്കണുകളുടെയും എംജിആറിന്‍റെയും ജയലളിതയുടെയും ഫ്ലക്‌സുകൾക്കൊപ്പം പളനിസ്വാമിയുടെ ഫ്ലക്‌സും സ്ഥാപിച്ചിട്ടുണ്ട്. പളനിസ്വാമിക്ക് സമ്മേളനത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
പളനിസ്വാമിയെ നേതാവായി തെരഞ്ഞെടുക്കുന്നതിൽ ഒ പനീർ സെൽവത്തിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം മുതൽ, എഐഎഡിഎംകെ ഒറ്റ നേതൃത്വത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ രൂക്ഷമായ തർക്കം നിലനിൽക്കുകയാണ്. പനീർശെൽവത്തിനെതിരെ എഐഎഡിഎംകെ ഉടൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.