ചെന്നൈ :തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡിഎംകെയിൽ ഏക നേതൃത്വത്തെ ചൊല്ലി എടപ്പാടി പളനിസാമിയും ഒ പനീർശെൽവവും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കെ കേഡർമാർ തന്‍റെ പക്ഷത്തെന്ന് പ്രഖ്യാപിച്ച് ഒ പനീർശെൽവം. ജനങ്ങളും പാർട്ടി പ്രവർത്തകരും തന്നെ എതിർക്കുന്നവരെ ശിക്ഷിക്കുമെന്നും ഒപിഎസ് പറയുന്നു.
അതേസമയം, പാർട്ടിയിൽ തിരികെയെത്താൻ കരുക്കൾ നീക്കുകയാണ് ജയലളിതയുടെ വിശ്വസ്‌ത ശശികല. ശോചനീയാവസ്ഥയിൽ നിന്ന് പാർട്ടിയെ വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ച് വടക്കൻ തമിഴ്‌നാട്ടിൽ പുരട്‌ചി പയനം(വിപ്ലവയാത്ര) എന്ന പേരിൽ ശശികല റോഡ് ഷോ നടത്തി. ശശികലയുടെ പര്യടനത്തിന് തിരുവള്ളൂർ ഉൾപ്പടെ പല സ്ഥലങ്ങളിലും ഊഷ്‌മളമായ സ്വീകരണമാണ് ലഭിച്ചത്.
ജൂൺ 23ന് നടന്ന ജനറൽ കൗൺസിൽ യോഗം തല്ലിപ്പിരിഞ്ഞതിന് പിന്നാലെ തെക്കൻ തമിഴ്‌നാട്ടിൽ നിന്ന് പര്യടനം ആരംഭിച്ച പനീർശെൽവം പാർട്ടി പ്രവർത്തകർ തന്‍റെ പക്ഷത്താണെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഞായറാഴ്‌ച ചെന്നൈയിൽ നിന്ന് സ്വന്തം ജില്ലയായ തേനിയിലേക്ക് പോകുംവഴി ഒപിഎസിന് അനുയായികൾ വാൾ സമ്മാനിച്ചിരുന്നു. പാർട്ടിയിൽ ഒറ്റനേതൃത്വം നടപ്പാക്കി തങ്ങളുടെ സ്വാധീനം പൂർണമായും അടിച്ചമർത്താനുള്ള ശ്രമമാണ് ഇപിഎസ് പക്ഷം നടത്തുന്നതെന്ന് പറഞ്ഞ ഒപിഎസ്, ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയും നിലവിലെ പാർട്ടിയുടെ അവസ്ഥയ്ക്ക് കാരണക്കാരായവരെയും ജനങ്ങളും പാർട്ടി അണികളും പാഠം പഠിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.
പാർട്ടി കൈപ്പിടിയിലൊതുക്കാൻ സ്വന്തം തട്ടകത്തിൽ അനുയായികളുമായി കൂടിയാലോചന നടത്താൻ ഒരുങ്ങുകയാണ് ഒപിഎസ്. ഡിണ്ടിഗലിൽ ഒപിഎസിന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വലിയ ആശ്വാസമാണ് അദ്ദേഹത്തിന്‍റെ ക്യാംപിന് നല്‍കുന്നത്. അതിനിടെ, എടപ്പാടി പളനിസാമിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കാൻ ജൂലൈ 11ന് ജനറൽ കൗൺസിൽ ചേരുമെന്നാണ് മറുപക്ഷത്തിന്റെ അറിയിപ്പ്.
യോഗം തടയണമെന്നാവശ്യപ്പെട്ട് പനീർസെൽവം ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗം തല്ലിപ്പിരിഞ്ഞതിനുപിന്നാലെയാണ് അടുത്ത യോഗത്തിനായി എടപ്പാടിയും തടയാനായി പനീർശെല്‍വവും നീങ്ങുന്നത്.