ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ആര് പ്രതിപക്ഷ നേതാവ് ആകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേതാവിനെ കണ്ടെത്താൻ എഐഎഡിഎംകെ എല്‍എഎമാര്‍ ചേര്‍ന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. പാര്‍ട്ടി കോർഡിനേറ്റർ ഒ. പന്നീർസെൽവം, കോ- കോർഡിനേറ്റർ കെ.പളനിസ്വാമി എന്നിവരില്‍ ആര് പ്രതിപക്ഷ നേതാവ് ആകുമെന്നതിലാണ് തീരുമാനം വൈകുന്നത്.
അതേസമയം പാർട്ടികകത്ത് ആശയക്കുഴപ്പമോ മറ്റ് തര്‍ക്കങ്ങളോയില്ലെന്നും പ്രതിപക്ഷ നേതാവിനെ കൃത്യമായ സമയത്ത് പ്രഖ്യാപിക്കുമെന്നും എഐഎഡിഎംകെ മുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായ ഡി. ജയകുമാർ പ്രതികരിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയില്‍ മുമ്പത്തേതിന് സമാനമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോയപുരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ജയകുമാർ പരാജയപ്പെട്ടിരുന്നു. അധികാരമേറ്റെടുക്കുന്നതിന് മുമ്പേ തന്നെ ഡിഎംകെ പ്രവർത്തകര്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും ജയകുമാർ ആരോപിച്ചു.