ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ വോട്ടുറപ്പിക്കാൻ പലവിധ മാര്‍ഗങ്ങളാണ് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും തേടാറ്. വോട്ടര്‍മാരുടെ മനവും സാഹചര്യവും നോക്കി എന്ത് പണിയും ചെയ്‌തു കൊടുത്തും ഒപ്പം നിന്നും ഓരോരുത്തരും വോട്ട് തേടും.
ഏതു തരം തുണിയും അലക്കാം, വോട്ട് തന്നാൽ മതി; ഒരു തമിഴ്‌നാടൻ സ്റ്റൈൽ - എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി തങ്കകതിരവൻ
വോട്ട് ചോദിക്കുന്നതിനിടെ സ്ത്രീകളുടെ ഇടയിലെത്തി അവരുടെ വസ്ത്രം അലക്കി കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി തങ്കകതിരവൻ.
തമിഴ്‌നാട്ടിലെ ഒരു സ്ഥാനാര്‍ഥിയുടെ വോട്ട് തേടല്‍ അൽപം വ്യത്യസ്‌തമാണ്. വോട്ട് ചോദിക്കുന്നതിനിടെ സ്ത്രീകളുടെ ഇടയിലെത്തി അവരുടെ വസ്ത്രം അലക്കി കൊടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി ജനപ്രീതി നേടുകയാണ് കക്ഷി. താരത്തിന്‍റെ പേര് തങ്കകതിരവൻ. എ.ഐ.എ.ഡി.എം.കെക്കു വേണ്ടി നാഗപ്പട്ടണത്ത് നിന്നാണ് തങ്കകതിരവൻ ജനവിധി തേടുന്നത്. വെറും അലക്കല്ല, ആസ്വദിച്ച് മുഴുവൻ തുണികളും സ്ഥാനാര്‍ഥി സ്ത്രീജനങ്ങള്‍ക്കായി അലക്കുകയാണ്. അലക്കി പിഴിഞ്ഞ് മുറുക്കിയെടുത്ത് വസ്ത്രം സ്ത്രീകളുടെ കൈയില്‍ വിരിക്കാനായി നൽകുന്നതു വരെയുണ്ട് ദൃശ്യത്തില്‍. ഒപ്പം കൈയടിച്ച് അനുയായികളും. ജയിപ്പിച്ചാല്‍ വാഷിങ് മെഷീനാണ് വാഗ്‌ദാനം. ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു എന്ന ഭാവത്തില്‍ കൈകൂപ്പി വോട്ടും ചോദിച്ച് തങ്കകതിരവൻ അടുത്ത പാളയത്തിലേക്ക് നടന്നു.