ന്യൂഡൽഹി : ജി 20 ഉച്ചകോടിയിൽ (G20 Summit) എത്തുന്ന ലോക നേതാക്കളെ 'മദർ ഓഫ് ഡെമോക്രസി' എക്‌സിബിഷനിലേക്ക് (Mother of Democracy' exhibition) സ്വാഗതം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (Artificial Intelligence) ഉപയോഗിച്ച് സൃഷ്‌ടിച്ച 'അവതാർ' (Avatar). പൗരാണിക കാലഘട്ടം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭാരത് മണ്ഡപത്തിൽ ഒരുക്കുന്ന പ്രദർശനത്തിന്‍റെ ഭാഗമാകും. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, കൊറിയൻ, ജാപ്പനീസ് എന്നിവയുൾപ്പെടെ 16 ആഗോള ഭാഷകളിൽ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള എല്ലാത്തിനേയും കുറിച്ച് കുറിപ്പും ഓഡിയോയും അവതരിപ്പിക്കും.
കൂടാതെ ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികതയുടെ ചരിത്രം 26 ഇന്‍ററാക്‌ടീവ് സ്‌ക്രീനുകളിലൂടെ (Interactive Screens) അവതരിപ്പിക്കുമെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. എക്‌സിബിഷൻ ഏരിയയിൽ എത്തുന്ന ലോക നേതാക്കളെയും പ്രതിനിധികളെയും മറ്റ് അതിഥികളെയും എഐ സൃഷ്‌ടിച്ച 'അവതാർ' രൂപം സ്വാഗതം ചെയ്യും. പ്രദർശനം സംഘടിപ്പിക്കുന്ന ഏരിയയുടെ നടുവിലുള്ള ഭ്രമണം ചെയ്യുന്ന എലവേറ്റഡ് പോഡിയത്തിൽ (Rotating Elevated Podium) ഹാരപ്പൻ പെൺകുട്ടിയുടെ ഛായയിൽ ഒരു ശിൽപം നിർമിച്ചിട്ടുണ്ട്.
അഞ്ച് അടി ഉയരവും 120 കിലോഗ്രാം ഭാരവുമുള്ള വെങ്കലത്തിലാണ് പ്രതിരൂപം നിർമിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം 1951-52 കാലഘട്ടത്തിൽ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് മുതൽ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ജനാധിപത്യത്തിൽ വേരൂന്നിയതാണെന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ‘മദർ ഓഫ് ഡെമോക്രസി’ പ്രദർശനത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.