കേരളം

kerala

ETV Bharat / bharat

അഹ്മദാബാദ് സ്ഫോടനക്കേസിൽ 38 പേര്‍ക്ക് വധശിക്ഷ; നാല് പേര്‍ മലയാളികള്‍ - അഹമ്മദാബാദ് സ്‌ഫോടന പരമ്പരയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് വധശിക്ഷ

ഷിബിലി, ശാദുലി, അൻസാര്‍ നദ്‌വി, ശറഫുദ്ദീന്‍ എന്നിവരാണ് മലയാളികളായ പ്രതികള്‍

2008 Ahmedabad serial blasts case: 38 convicts sentenced to death  11 to life imprisonment  Ahmedabad serial blasts case 38 convicts sentenced to death  അഹമ്മദാബാദ് സ്‌ഫോടന പരമ്പരയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് വധശിക്ഷ  അഹമ്മദാബാദ് സ്‌ഫോടന പരമ്പര
അഹമ്മദാബാദ് സ്‌ഫോടന പരമ്പര: നാല് മലയാളികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം

By

Published : Feb 18, 2022, 12:13 PM IST

Updated : Feb 18, 2022, 1:01 PM IST

ഗാന്ധിനഗര്‍:2008ലെ അഹ്മദാബാദ് സ്ഫോടനക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തവും അഹ്മദാബാദ് കോടതി വിധിച്ചു. ചൊവ്വാഴ്ച (15.02.2022) കേസിൽ വിധി പറഞ്ഞ പ്രത്യേക കോടതി ജഡ്‌ജി എ.ആർ പട്ടേൽ 49 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 28 പ്രതികളെ വെറുതെ വിടുകയും ചെയ്‌തിരുന്നു.

വധശിക്ഷ വിധിക്കപ്പെട്ടവരില്‍ മലയാളികള്‍

ഷിബിലി, ശാദുലി (ഇരുവരും കോട്ടയം സ്വദേശികളായ സഹോദരങ്ങള്‍), ആലുവ സ്വദേശി അൻസാര്‍ നദ്‌വി, കൊണ്ടോട്ടി സ്വദേശി ശറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികള്‍. 2008 ജൂലൈ 26ന് സ്‌ഫോടന പരമ്പര നടന്നത്. നഗരത്തിന്‍റെ 21 പ്രദേശങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റത് 200 പേർക്കാണ്.

സിവിൽ ആശുപത്രി, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള എൽ.ജി ആശുപത്രി, നിരവധി ബസുകൾ, പാർക്ക് ചെയ്‌ത സൈക്കിളുകൾ, കാറുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ 22 ബോംബുകളാണ് പൊട്ടിയത്. കലോലി, നരോദ എന്നിവിടങ്ങളില്‍ ഓരോ ബോംബ് വീതം സ്ഥാപിച്ചിരുന്നെങ്കിലും പൊട്ടിയില്ല.

49 കുറ്റവാളികളിൽ 38 പേർക്കെതിരെ യു.എ.പി.എ, ഐ.പി.സി 302 എന്നീ വകുപ്പുകൾ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. ജീവപര്യന്തം വിധിക്കപ്പെട്ടവര്‍ സ്‌ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ പ്രത്യേക ജഡ്‌ജി എ.ആർ പട്ടേൽ വിധിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയുമാണ് നഷ്ടപരിഹാരം.

മൂന്നര വര്‍ഷത്തെ വിചാരണ

ഏകദേശം മൂന്നര വർഷവും പതിനഞ്ച് ദിവസവും നീണ്ട ദീർഘ വിചാരണ നടപടികൾക്കൊടുവിലാണ് സ്ഫോടന കേസില്‍ വിധിയാവുന്നത്. ഗുജറാത്തിലെ അഭിഭാഷകരായ ആർ.കെ. ഷാ, എം.എം. ശൈഖ്, ഖാലിദ് ശൈഖ്, എൽ.ആർ. പത്താൻ എന്നിവരാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായത്. 2008ല്‍ നടന്ന സ്ഫോടനത്തിന്‍റെ ഏകദേശം രണ്ടു വർഷത്തിനുശേഷം 2010 ഏപ്രിലിലാണ് സുരക്ഷ കാരണം പറഞ്ഞ് സബർമതി സെൻട്രൽ ജയിലിനുള്ളിൽ കേസ്​ വിചാരണ ആരംഭിച്ചത്. പിന്നീട് കേസ് നടപടികൾ മിക്കവാറും വിഡിയോ കോൺഫറൻസിങ്ങിലൂടെയായി.

മലയാളികളുടെ അറസ്റ്റ്

2008 മാര്‍ച്ച് 27നാണ്​ മധ്യപ്രദേശിലെ ഇൻഡോറിലാണ് സഹോദരങ്ങളായ ഷിബിലിയും ശാദുലിയും സുഹൃത്ത് അൻസാറും അറസ്റ്റിലാകുന്നത്. പ്രമുഖ ഐ.ടി സ്ഥാപനമായ ടാറ്റ എലെക്‌സിയില്‍ എന്‍ജിനീയറായിരുന്നു ശിബിലി. മുംബൈയില്‍ ജോലിചെയ്യുന്ന കാലത്ത് സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനത്തെ തുടർന്ന് സിമി ബന്ധമാരോപിച്ച് അന്വേഷണ ഏജന്‍സികള്‍ വേട്ടയാടാന്‍ തുടങ്ങിയപ്പോൾ ജോലി രാജി വച്ച് സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്​റ്റ്​.

രജിസ്റ്റര്‍ ചെയ്തത് 35 കേസുകള്‍

78 പേരാണ് കേസില്‍ കുറ്റാരോപിതര്‍​. അഹ്മദാബാദിൽ ഇരുപതും സൂറത്തിൽ പത്തും ഉൾപ്പെടെ മൊത്തം 35 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഏക പ്രതിയായ ഉസ്‌മാന്‍ അഗർബത്തിവാലയ്ക്ക് ഒരു വർഷം തടവ് ശിക്ഷ ലഭിച്ചു. ഐ.പി.സി, യു.എ.പി.എ, സ്‌ഫോടക വസ്‌തുനിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചേര്‍ത്ത പ്രതികളുടെ ശിക്ഷ ഒരേസമയം നടപ്പാക്കും.

വിചാരണവേളയിൽ പ്രോസിക്യൂഷൻ 1,163 സാക്ഷികളെ വിസ്‌തിരിക്കുകയും ഏകദേശം 6,000 ഡോക്യുമെന്‍ററി തെളിവുകൾ സമർപ്പിക്കുകയും ചെയ്‌തിരുന്നു. പ്രതിഭാഗം എട്ടു സാക്ഷികളെയാണ് വിസ്‌തരിച്ചത്. ചില മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിച്ച ഇമെയിലുകളിൽ ഇന്ത്യൻ മുജാഹിദ്ദീന്‍ (ഐ.എം) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചിരുന്നു.

ALSO READ:കൊവിഡ് പോരാട്ടത്തില്‍ പ്രധാനമന്ത്രിയെ പുകഴ്‌ത്തി പുസ്‌തകം; 'എ നേഷൻ ടു പ്രൊട്ടക്‌ട്' ഇന്ന് പുറത്തിറങ്ങും

Last Updated : Feb 18, 2022, 1:01 PM IST

ABOUT THE AUTHOR

...view details