ഗാന്ധിനഗർ: ഗുജറാത്തിൽ ടൗട്ടെ ചുഴലിക്കാറ്റ് വൻ കൃഷി നാശം വിതച്ചതായി റിപ്പോർട്ട്. മെയ് 17 മുതൽ രണ്ട് ദിവസമായി ഗുജറാത്ത് തീരത്ത് നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. നാശ നഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 1,000 കോടി രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ 79 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 5,400 ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ചിട്ടുണ്ട്. അതേസമയം കാർഷിക മേഖലയ്ക്ക് ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 10,792 ഹെക്ടറിർ സ്ഥലത്തെ ഉഴുന്ന്, കടല, എള്ള്, പച്ചക്കറി എന്നീ കൃഷി വിളകളാണ് നശിച്ചത്.
ചുഴലിക്കാറ്റിൽ വിളകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി റവന്യൂ, കാർഷിക വകുപ്പുകളിലെ ഉദ്യോഗസ്ഥർ സർവേ നടത്തുന്നുണ്ട്. സാവ്‌ലി താലൂക്കിലെ കമൽപുര ഗ്രാമത്തിൽ ബജ്ര, എള്ള്, പയർ എന്നീ വിളകൾക്ക് കനത്ത നാശനഷ്ടമുണ്ടായി. രാംപുര, ധന്തേജ്, വാഡിയ, വസൻപുര തുടങ്ങിയ ഗ്രാമങ്ങളിലും ഇതേ അവസ്ഥ നിലനിൽക്കുന്നുണ്ട്. തങ്ങൾക്ക് നഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
സൂററ്റ് ജില്ലയിലെ മഹുവ താലൂക്കിലും വ്യാപകമായ കൃഷിനാശം ഉണ്ടായി. 4000 ഏക്കറിൽ ചെയ്ത കൃഷിയില്‍ 3,000 ഏക്കറിലെ കൃഷിയും നശിച്ചു. കൃഷി നാശം സംഭിച്ച പ്രദേശങ്ങളിൽ അധികൃതർ സന്ദർശം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
Also read: ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം