നാഗ്‌പൂർ : കർഷക സംഘടനകളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് റദ്ദാക്കിയ കാർഷിക നിയമങ്ങൾ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് സൂചന നൽകി കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. ഒരു ചുവട് പിന്നോട്ടുവച്ചെങ്കിലും അതുമായി വീണ്ടും മുന്നോട്ടുപോകുമെന്ന് തോമർ പറഞ്ഞു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കർഷകരാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം അതിനെ മറികടക്കാൻ കർഷകരും കാർഷിക മേഖലയും വലിയ സഹായമാണ് നൽകിയത്. കർഷകർക്കായി സ്വാതന്ത്ര്യത്തിന് 70 വർഷങ്ങൾക്ക് ശേഷം നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നു, തോമർ പറഞ്ഞു.
ALSO READ:ഒമിക്രോണ്‍ : കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
ഞങ്ങൾ കൊണ്ടുവന്ന കാർഷിക ഭേദഗതി നിയമങ്ങൾ ചില ആളുകൾക്ക് ഇഷ്‌ടമായില്ല. എന്നാർ സർക്കാരിന് അതിൽ നിരാശയില്ല. തൽക്കാലം ഞങ്ങൾ ഒരു ചുവട് പിന്നോട്ടുവച്ചു. പക്ഷേ ഞങ്ങൾ വീണ്ടും അതുമായി മുന്നോട്ട് പോകും. കാരണം കർഷകർ ഇന്ത്യയുടെ നട്ടെല്ലാണ്, തോമർ കൂട്ടിച്ചേർത്തു.
ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. തുടര്‍ന്ന് നിയമം പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്യുകയായിരുന്നു. സമരത്തിനിടെ ഒട്ടനവധി കർഷകർക്ക് തങ്ങളുടെ ജീവൻ നഷ്‌ടമാകുകയും ചെയ്‌തിരുന്നു.