ന്യൂഡൽഹി : ആത്മഹത്യ ചെയ്‌ത അഗ്നിവീർ സൈനികൻ അമൃത്‌പാൽ സിങ്ങിന് സൈനിക ബഹുമതികൾ നൽകാതിരുന്നതിന്‍റെ കാരണം വിശദീകരിച്ച് സൈന്യം (Agniveer Amritpal Singh Suicide). അമൃത്‌പാൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇത്തരം മരണങ്ങൾക്ക് സൈനിക ബഹുമതികൾ നൽകാറില്ലെന്നും സൈന്യം അറിയിച്ചു. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവരെയും മറ്റ് സൈനികരെയും വേര്‍തിരിച്ചു കാണുന്നില്ല എന്നും സൈന്യത്തിന്‍റെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് വ്യക്തമാക്കി (Military honours denied to Agniveer Amritpal Singh as per rules).
അഗ്നിവീർ സൈനികനായതിനാൽ അമൃത്‌പാൽ സിങ്ങിന്‍റെ ശവസംസ്‌കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകിയില്ലെന്ന് ആരോപണമുണ്ട്. അമൃത്‌പാൽ ഡ്യൂട്ടിയിലിരിക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു. അഗ്നിവീർ അമൃത്പാൽ സിങ്ങിന്‍റെ (Agniveer Amritpal Singh) നിർഭാഗ്യകരമായ മരണവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും വസ്‌തുതകളെ തെറ്റായി ചിത്രീകരിക്കലും ഉണ്ടായിട്ടുണ്ടെന്ന് സൈന്യം (Indian Army) എക്‌സിൽ കുറിച്ചു.
2023 ഒക്‌ടോബർ 14-ന് വൈറ്റ് നൈറ്റ് കോർപ്‌സ് നൽകിയ പ്രാഥമിക വിവരങ്ങൾക്ക് പുറമെ, തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ കൂടുതൽ വിശദാംശങ്ങൾ സൈന്യം എക്‌സിൽ പങ്കിട്ടു. സെൻട്രി ഡ്യൂട്ടിക്കിടെ അഗ്നിവീർ അമൃത്പാൽ സിങ് ആത്മഹത്യ ചെയ്‌തത് കുടുംബത്തിനും ഇന്ത്യൻ സൈന്യത്തിനും കനത്ത നഷ്‌ടമാണ്. നിലവിലുള്ള രീതിക്ക് അനുസൃതമായി മൃതശരീരം മെഡിക്കോ-ലീഗൽ നടപടിക്രമങ്ങൾക്ക് ശേഷം സൈനിക ക്രമീകരണങ്ങൾക്ക് കീഴിൽ, എസ്കോർട്ടോടെ അന്ത്യകർമങ്ങൾക്കായി നാട്ടിലേക്ക് കൊണ്ടുപോയി.