ഹൈദരാബാദ്: സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്‌പില്‍ ഒരാള്‍ മരിച്ച സംഭത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. പൊലീസ് വെടിവയ്‌പില്‍ 24കാരന്‍ ഡി. രാകേഷ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതാണ് തെലങ്കാനയില്‍ ടിആർഎസ്-ബിജെപി തമ്മിലുള്ള പുതിയ വാക്പോരിന് കാരണമായത്.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച അക്രമാസക്തമായ പ്രതിഷേധങ്ങളിലെ ആദ്യത്തെ ഇരയാണ് ഡി. രാകേഷ് എന്നാണ് ഭരണകക്ഷിയായ ടിആർഎസിന്‍റെ വാദം. രാകേഷിന്‍റെ മരണത്തിന് കാരണം കേന്ദ്രസർക്കാരിന്‍റെ തെറ്റായ നടപടിക്രമങ്ങളാണെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കുറ്റപ്പെടുത്തി. രാകേഷിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.