പട്‌ന:അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ആളിക്കത്തുന്നു. മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സമരം കൂടുതൽ അക്രമാസക്തമാവുകയാണ്. ഉത്തരേന്ത്യയിൽ ബിഹാറിലും, യുപിയിലും പരകെ അക്രമം റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിൽ മൂന്ന് ട്രെയിനുകള്‍ പ്രതിഷേധക്കാർ ഇന്ന് അഗ്നിക്കിരയാക്കി. ജമ്മുതാവി-ഗുവഹത്തി എക്‌സ്‌പ്രസ്, വിക്രംശില എക്‌സ്‌പ്രസ്, സമസ്‌തിപൂർ, ദർബങ്ക സ്‌റ്റേഷനുകളിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളുമാണ് സമരക്കാർ തീവച്ചത്. ബക്‌സറിൽ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കിന് തീയിട്ടു.
ലക്‌മീനിയ റെയിൽവേ സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. മുസഫർപൂരിൽ ദേശീയ പതാകയുമായി വിദ്യാർഥികള്‍ പ്രതിഷേധം നടത്തുകയാണ്. ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്‌റ്റേഷന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലും പ്രതിഷേധം കനക്കുന്നതായാണ് റിപ്പോർട്ടുകള്‍. രാജസ്ഥാൻ, ജമ്മുകശ്‌മീർ എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നതായാണ് സൂചന.
ഗ്വാളിയോർ, ചമ്പൽ മേഖലകളിൽ നിന്ന് സൈന്യത്തിൽ ചേരാൻ തയാറെടുക്കുന്ന യുവാക്കളാണ് അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. സൈന്യത്തിലേക്ക് നാല് വർഷത്തേക്കുള്ള ഹ്രസ്വകാല നിയമനം ആയതിനാൽ അഗ്നിപഥ് തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നതാണ് പ്രതിഷേധക്കാര്‍ ഉയർത്തുന്ന പ്രധാന വാദം. പദ്ധതി പ്രകാരം നാല് വര്‍ഷം ജോലി ചെയ്യുന്നവരിൽ 25 ശതമാനം പേര്‍ക്കേ സ്ഥിരനിയമനം ലഭിക്കൂ.
വിരമിക്കുമ്പോള്‍ അലവന്‍സോ, പെന്‍ഷന്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്നതും പദ്ധതിയുടെ പോരായ്‌മയായി ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മുതൽ പട്ടാളത്തിലേക്ക് പദ്ധതി പ്രകാരം നിയമനം നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.