ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. ബിഹാറിൽ ചെയ്‌തത് പോലെ ബോഗികൾ കത്തിക്കാൻ സമരക്കാരെ പ്രേരിപ്പിച്ചത് സ്വകാര്യ ഡിഫൻസ് അക്കാദമികൾ ആണെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിഫൻസ് അക്കാദമികൾ റെയിൽവേ സ്റ്റേഷൻ ആക്രമിക്കാൻ സൈനിക മോഹികളെ പ്രകോപിപ്പിക്കുകയും ഗൂഢാലോചന നടത്തിയെന്നുമാണ് റിപ്പോർട്ട്.
ചില അക്കാദമികൾ അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാര്‍ കലാപത്തിന്‍റെ ക്ലിപ്പുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇതിൽ ആകൃഷ്ടരായ യുവാക്കളാണ് ജൂൺ 17ന് റെയിൽവേ സ്റ്റേഷനിൽ നാശം വിതച്ചെന്നും അവർ കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷൻ ബ്ലോക്ക്, ഇന്ത്യൻ ആർമി ഗ്രൂപ്പ്, ഹക്കിംപേട്ട് ആർമി സോൾജിയേഴ്‌സ് ഗ്രൂപ്പ്, ചലോ സെക്കന്ദരാബാദ് എആർഒ 3 ഗ്രൂപ്പ്, ആർമി ജിപി 2021 മാർച്ച് റാലി ഗ്രൂപ്പ്, സിഇഇ സോൾജിയേഴ്‌സ് ഗ്രൂപ്പ് തുടങ്ങി നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. അഗ്നിപഥ് വഴി അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനെ എതിർക്കുന്ന സന്ദേശങ്ങൾ ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്‌തതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കാമറെഡ്ഡി ജില്ലയിലെ എല്ലറെഡ്ഡി സ്വദേശിയായ മധുസൂദനനാണ് പ്രതിഷേധത്തിന് പിന്നിൽ എന്ന് റെയിൽവേ പൊലീസ് പറഞ്ഞു. സായി ഡിഫൻസ് അക്കാദമി ഉടമ അവുലു സുബ്ബറാവുവിന്‍റെ പങ്കിനെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ജൂൺ 16ന് പ്രതിഷേധത്തിനായി സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ അകലെ വിവിധ ജില്ലകളിലെ 1500ഓളം യുവാക്കളെ താമസിപ്പിക്കുകയും, അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌ത് കൊടുക്കുകയും ചെയ്‌തത് അവുലു സുബ്ബറാവു ആണെന്നാണ് പൊലീസിന്‍റെ സംശയം.