ഹൈദരാബാദ്:അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച് സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 45 പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. റെയില്‍വേയുടെ 20 കോടിയോളം രൂപയുടെ സ്വത്ത് പ്രക്ഷോഭകര്‍ നശിപ്പിച്ചതായാണ് റെയില്‍വേ പൊലീസിന്‍റെ കണ്ടെത്തല്‍. പ്രക്ഷോഭത്തിനു പിന്നില്‍ ആർമി റിക്രൂട്ട്‌മെന്‍റ് കോച്ചിങ് സെന്‍ററുകള്‍ നടത്തിയ ഗൂഢാലോചനയാണെന്നും റെയില്‍വേ പൊലീസ് ആരോപിച്ചു.
ജൂൺ 17ന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് തുടക്കത്തില്‍ 300ലധികം ആളുകളാണ് മൂന്നാം നമ്പര്‍ ഗേറ്റിലൂടെ റയില്‍വേ സ്റ്റേഷനകത്തേക്ക് പ്രവേശിച്ചത്. പിന്നീട് പ്രക്ഷോഭകരുടെ എണ്ണം 2000ലധികമായി. ഇവരില്‍ ചിലര്‍ വടികളും ദണ്ഡുകളും പെട്രോള്‍ നിറച്ച കന്നാസുകളും കൈവശം വച്ചിരുന്നു.
സമരക്കാരെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവര്‍ ട്രാക്കിലിറങ്ങി കല്ലെറിയാന്‍ തുടങ്ങി. ഇതോടെ ആര്‍പിഎഫ് വെടിയുതിര്‍ക്കുകയും എഞ്ചിന് തീയിടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകയായിരുന്നു. പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.