ന്യൂഡല്‍ഹി: പരസ്‌പരമുള്ള ലൈംഗികബന്ധത്തിനുള്ള സമ്മതത്തിലെ പ്രായപരിധിയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് വനിതാ-ശിശു വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടി ലോ കമ്മിഷന്‍. നിലവിലുള്ള പ്രായപരിധി 18 ല്‍ നിന്നും കുറയ്‌ക്കുന്നത് സംബന്ധിച്ചാണ് വനിതാ-ശിശു വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി 22-ാമത് ലോ കമ്മിഷൻ ചര്‍ച്ച നടത്തുകയും വിശദാംശങ്ങള്‍ തേടിയതും. തങ്ങള്‍ വിഷയം കൈകാര്യം ചെയ്യുന്നതായും ചില വിവരങ്ങള്‍ ധരിപ്പിക്കുന്നതിനായാണ് കൂടിക്കാഴ്‌ച നടന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
'പ്രായം' ഒരു പ്രശ്‌നം തന്നെയാണ്: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായുള്ള പോക്‌സോ നിയമപ്രകാരം 18 വയസിന് താഴെയുള്ള ആളുകളെ കുട്ടികളായാണ് പരിഗണിച്ചുവരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തല്‍സ്ഥിതിയാണ് തുടരുന്നതെങ്കിലും ചില സന്ദര്‍ഭങ്ങളിലെല്ലാം പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിന്‍റെ സ്വഭാവം നിർണയിക്കുന്നതിൽ പ്രശ്‌നം നേരിട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതിയും ഇതുസംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടിരുന്നു.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികമായ ചൂഷണം തടയുക എന്നതാണ് പോക്‌സോ നിയമത്തിന് പിന്നിലെ ഉദ്ദേശമെന്നും, അല്ലാതെ യുവാക്കൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധം ഒരിക്കലും ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 17 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയും തുടര്‍ന്ന് യുവാവ് പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലാവുകയും ചെയ്‌ത സംഭവത്തില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
രാജ്യദ്രോഹത്തില്‍ ശുപാര്‍ശയുമായി: ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 124എ വകുപ്പ് നിലനിര്‍ത്തണമെന്ന് അടുത്തിടെ ലോ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 124എ വകുപ്പില്‍ കൂടുതൽ വ്യക്തത കൊണ്ടുവരാൻ ചില ഭേദഗതികള്‍ ഉള്‍പ്പടെ കൊണ്ടുവന്ന് നിലനിര്‍ത്തണമെന്നായിരുന്നു നിയമ മന്ത്രാലയത്തിന് മുന്നില്‍വച്ച റിപ്പോര്‍ട്ടില്‍ ലോ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തത്. 124എ വകുപ്പ് ഐപിസിയിലെ ചാപ്‌റ്റര്‍ ആറിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് തുല്യമാണെന്ന് ഉറപ്പാക്കാന്‍ പ്രസ്‌തുത വകുപ്പിന് കീഴിലുള്ള ശിക്ഷ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നും കമ്മിഷന്‍ ശുപാർശ ചെയ്‌തിരുന്നു.
ഐപിസി 124എ വകുപ്പിന്‍റെ ദുരുപയോഗം സംബന്ധിച്ചുള്ള കാഴ്‌ചപാടുകള്‍ മനസിലാക്കി കൊണ്ട് ഇത് തടയുന്നതിനായി മാതൃകപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നായിരുന്നു ലോ കമ്മിഷന്‍ ശുപാര്‍ശയായി മുന്നോട്ടുവച്ചത്. മാത്രമല്ല ഐപിസി സെക്ഷൻ 124 എ പ്രകാരം ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്യുമ്പോള്‍ ബദലായി സിആര്‍പിസി സെക്ഷന്‍ 196(3), 1973 ലെ സിആര്‍പിസിക്ക് കീഴിലെ സെക്ഷന്‍ 154 എന്നിവ ഒരു വ്യവസ്ഥയായി സംയോജിപ്പിക്കാമെന്നും നിര്‍ദേശിച്ചിരുന്നു.
ഇത് ഉൾപ്പെടുത്തുന്നത് വഴി ഈ വ്യവസ്ഥയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ശുപാര്‍ശകളെന്നും ലോ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം സങ്കീർണമായ നിയമപ്രശ്‌നങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നതിനായി ഓരോ മൂന്നു വർഷംതോറുമാണ് ലോ കമ്മിഷനെ നിയമിക്കാറുള്ളത്. റിട്ടയേര്‍ഡ് ജസ്‌റ്റിസ് റിതു രാജ് അവസ്‌തിയുടെ നേതൃത്വത്തിലുള്ളതാണ് നിലവിലെ 22-ാമത് ലോ കമ്മിഷൻ.
Also read: 'രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പ് നിലനിര്‍ത്തണം, എന്നാല്‍ ഭേദഗതി വേണം'; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലോ കമ്മിഷന്‍