ന്യൂഡൽഹി:യാസ് ചുഴലിക്കാറ്റിനെ നേരിടാനായി രക്ഷാപ്രവർത്തകർ, ദുരിതാശ്വാസ പ്രവർത്തകർ, എയർക്രാഫ്‌റ്റ് എന്നിവർ തയ്യാറെടുക്കുന്നു. കിഴക്കൻ തീരപ്രദേശങ്ങളായ ഒഡീഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിൽ ബുധനാഴ്‌ച യാസ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് റിപ്പോർട്ട്.
മെയ് 26ന് 155 കിലോമീറ്റർ മുതൽ 165 കിലോമീറ്റർ വരെ വേഗതയിൽ ഒഡീഷയിലെ പരാദീപ് മുതൽ പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനുമിടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് ഐഎംഡി അറിയിച്ചു. നാളെ മുതൽ തീരപ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ഐഎംഡി കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചിരുന്നു.
തയ്യാറെടുപ്പുകൾ
നാവികസേന നാല് യുദ്ധകപ്പലുകളും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി 25 ഹെലികോപ്‌റ്ററുകളും 11 എയർക്രാഫ്‌റ്റുകളും സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേന 21 ടൺ ദുരിതാശ്വാസത്തിനായുള്ള വസ്‌തുക്കളും 334 ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരെ കൊൽക്കത്തയിലേക്കും പോർട്ട് ബ്ലെയറിലേക്കും അയച്ചിട്ടുണ്ട്.