റായ്‌പൂർ: മകന്‍റെ മരണശേഷം വിധവയായ മരുമകൾക്ക് മറ്റൊരു വിവാഹം നടത്തി മുൻ ബിജെപി എംപി ചന്ദുലാൽ സാഹു. ഡോ. വീരേന്ദ്ര ഗഞ്ചീറാണ് വരൻ. പത്ത് വർഷം മുൻപാണ് മഹാസമുന്ദിൽ നിന്നുള്ള മുൻ എംപി ചന്ദുലാൽ സാഹുവിന്‍റെ മകനും മരുമകൾ കല്യാണിയും തമ്മിലുള്ള വിവാഹം നടന്നത്.
'മരുമകളും മകൾക്ക് തുല്യം': മകന്‍റെ മരണശേഷം മരുമകൾക്ക് മറ്റൊരു വിവാഹം നടത്തി മുൻ ബിജെപി എംപി ആറു വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് സാഹുവിന്‍റെ മകൻ മരണപ്പെട്ടു. ഇവർക്ക് ഒന്നര വയസുള്ള ഒരു മകൻ ഉണ്ട്. ഹൃദയാഘാതത്തെ തുടർന്ന് ഗഞ്ചീറിന്‍റെ ഭാര്യയും മരണപ്പെട്ടിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്.
മരുമകളുടെയും ചെറുമകന്‍റെയും ഭാവി കണക്കിലെടുത്താണ് സാഹു തന്‍റെ മരുമകൾക്ക് മറ്റൊരു പങ്കാളിയെ കണ്ടെത്താൻ തീരുമാനിച്ചത്. ഛത്തീസ്‌ഗഡിലെ ധംതാരിയിലെ വിന്ധ്യവാസിനി ക്ഷേത്രത്തിൽ വച്ചാണ് ഡോ. വീരേന്ദ്ര ഗഞ്ചീറും കല്യാണിയും തമ്മിലുള്ള വിവാഹം നടന്നത്. തങ്ങളുടെ ജീവിതത്തിൽ സമാനമായ സാഹചര്യങ്ങൾ ആയിരുന്നെന്നും കല്യാണിയെക്കാൾ മികച്ച ജീവിത പങ്കാളിയെ തനിക്ക് കണ്ടെത്താൻ ആവില്ലെന്നും വിവാഹ ശേഷം ഗഞ്ചീർ മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം ഏഴ് വർഷത്തോളം ഒറ്റയ്‌ക്ക് ജീവിച്ച തനിക്ക് ഒരു ജീവിത പങ്കാളിയെ കിട്ടിയെന്നും അതിന് തന്‍റെ കുടുംബം പിന്തുണച്ചതായി കല്യാണിയും പ്രതികരിച്ചു.