പട്‌ന: കുടുംബ വഴക്കിനെ തുടർന്ന് നടുറോഡിൽ മുൻ ഭാര്യയെും മകളെയും വെടിവച്ചുകൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു. ഗാർഡാനിബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്‌ചയാണ് സംഭവം. ബെഗുസരായ് സ്വദേശി രാജീവ് കുമാർ (40), മുൻഭാര്യ പ്രിയങ്ക ഭാരതി (30), മകൾ സംസ്‌കൃതി പ്രഭ (14) എന്നിവരാണ് മരിച്ചത്.
മകളെയും മുൻഭാര്യയെയും നടുറോഡിൽ വച്ച് വെടിവച്ചുകൊന്നു; ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു സംഭവം നടക്കുമ്പോൾ പ്രിയങ്കയുടെ സഹോദരിയുടെ മകളും ഒപ്പമുണ്ടായിരുന്നു. ബെഗുസരായിൽ നിന്നും വാടക വീട്ടിലേക്ക് പോവുകയായിരുന്നു മൂവരും. രാജീവ് മൂവരെയും തടഞ്ഞുനിർത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. ഉടൻതന്നെ രാജീവ് ബാഗിൽ കരുതിയിരുന്ന തോക്കെടുത്ത് മകളുടെയും മുൻ ഭാര്യയുടെയും തലയിൽ വെടിയുതിർക്കുകയായിരുന്നു.
ശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്‌തു. സംഭവസ്ഥലത്ത് വച്ച് തന്നെ മൂന്ന് പേരും മരിച്ചു. സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രിയങ്കയുടെ മൂത്ത സഹോദരിയെയാണ് രാജീവ് ആദ്യം വിവാഹം കഴിച്ചത്. അവരുടെ മരണശേഷം പ്രിയങ്കയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ രാജീവിന്‍റെ ശാരീരിക പീഡനത്തെ തുടർന്ന് നാല് വർഷങ്ങൾക്ക് മുൻപ് പ്രിയങ്ക വിവാഹമോചനം തേടി.
കൊല്ലപ്പെട്ട മകൾ സംസ്‌കൃതി രാജീവിന്‍റെ ആദ്യ വിവാഹത്തിൽ നിന്നുള്ള മകളാണ്. പ്രിയങ്കയുമായുള്ള വിവാഹമോചനത്തിന് ശേഷം രാജീവുമായി താമസിക്കാൻ വിസമ്മതിച്ച സംസ്‌കൃതി പ്രിയങ്കയുമായി താമസിച്ചുവരികയായിരുന്നു. രാജീവുമായുള്ള വിവാഹമോചനത്തിന് ശേഷം എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ പ്രിയങ്ക വിവാഹം ചെയ്‌തു.
രാജീവ് മകളെ ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിയങ്ക നിരസിക്കുകയും കോടതിയിൽ അപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അമ്മയെയും രണ്ടാനമ്മയെയും അച്ഛൻ ശാരീരികോപദ്രവം ഏൽപ്പിക്കുമായിരുന്നു എന്നതിനാൽ മകൾക്കും രാജീവിനൊപ്പം പോകാൻ താത്പര്യമില്ലായിരുന്നുവെന്ന് പട്‌ന എസ്എസ്‌പി മാനവ്ജീത് സിങ് ധില്ലൺ പറഞ്ഞു.
ഇതിനെ തുടർന്നാണ് ഇവരെ ബെഗുസരായിൽ നിന്നും പട്‌ന വരെ പിന്തുടർന്ന പ്രതി വെടിവച്ചു കൊന്ന ശേഷം നിറയൊഴിച്ച് ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.