ന്യൂഡൽഹി: ഡൽഹിക്ക് 730 ടൺ ഓക്സിജൻ ലഭിച്ചതിൽ കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്‌ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മെയ് അഞ്ചിനാണ് ഡൽഹിയിൽ 730 ടൺ ഓക്സിജൻ ലഭിച്ചത്. പ്രതിദിനം രാജ്യ തലസ്ഥാനത്ത് 700 ടൺ ഓക്സിജൻ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജന്‍റെ ലഭ്യതക്കുറവിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രികളിൽ കിടക്ക ശേഷി കുറയ്‌ക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ കിടക്കകളുടെ ശേഷി വർധിപ്പിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു. പ്രതിദിനം ഡൽഹിയ്‌ക്ക് 700 ടൺ ഓക്‌സിജൻ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 9,500 ആക്കുമെന്നും ഓക്സിജന്‍റെ കുറവ് മൂലം രാജ്യ തലസ്ഥാനത്ത് ആരെയും മരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.