കേരളം

kerala

ETV Bharat / bharat

'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' ; ഭാരത് ജോഡോ ഫൈനല്‍ സ്‌റ്റോപ്പിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് ഇനി നല്ല കാലമോ ? - കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്

145 ദിവസം കൊണ്ട് വിജയകരമായി 4,000 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക്‌ കോണ്‍ഗ്രസിനെ പ്രതാപത്തിലേക്ക് മടക്കിയെത്തിക്കാനാകുമോ ?. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളികള്‍ എന്തെല്ലാമെന്ന് പരിശോധിക്കുന്നു

Bharat Jodo Yathra  After Bharat Jodo Yathra  later Challenge of Congress after Bharat Jodo  Rahul Gandhi  Challenges to Congress  2024 Grand LokSabha Election  ഭാരത് ജോഡോ ഫൈനല്‍ സ്‌റ്റോപ്പിലെത്തുമ്പോള്‍  കോണ്‍ഗ്രസിന് ഇനിയങ്ങോട്ട് നല്ലകാലമോ  പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര  രാഹുല്‍ ഗാന്ധി  ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാനാകുമോ  2024 ലോക്‌സഭ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളികള്‍  ഭാരത് ജോഡോ യാത്ര  വിദഗ്‌ധരുടെ വിലയിരുത്തല്‍  ബിജെപി  കോണ്‍ഗ്രസ്  മേഘാലയ  മിസോറാം  ത്രിപുര  നാഗാലാന്‍ഡ്  കര്‍ണാടക  രാജസ്ഥാന്‍  കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്  ശ്രീനഗര്‍
ഭാരത് ജോഡോ ഫൈനല്‍ സ്‌റ്റോപ്പിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് ഇനിയങ്ങോട്ട് നല്ലകാലമോ?

By

Published : Jan 29, 2023, 6:14 PM IST

ശ്രീനഗര്‍ : ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് അണികളില്‍ ആവേശം നിറച്ചും രാഹുല്‍ ഗാന്ധി എന്ന നേതാവിനെ അടയാളപ്പെടുത്തിയും അതിന്‍റെ പരിസമാപ്‌തിയിലേക്കെത്തുകയാണ്. എന്നാല്‍ ഇതൊന്നും തന്നെ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന് സമാധാനം കൊള്ളാന്‍ പര്യാപ്‌തമായവയല്ല. കാരണം തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന പാര്‍ട്ടിക്ക് മുന്നില്‍ മറികടക്കേണ്ടുന്ന പ്രതിസന്ധികള്‍ അനവധിയുണ്ടെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.

കല്ലും മുള്ളും നിറഞ്ഞ പാത :എവിടെയോ കൈമോശം വന്നുപോയ ആ പഴയ സംഘടനാശക്തി വീണ്ടെടുക്കുക എന്നതും മുഴച്ചുനില്‍ക്കുന്ന നേതൃത്വ പ്രതിസന്ധി മറികടന്ന് വോട്ടര്‍മാര്‍ക്കിടയിലെ വിശ്വാസം അരക്കിട്ടുറപ്പിക്കുക എന്നതും കോണ്‍ഗ്രസിന് മുന്നില്‍ വലിയ കടമ്പയാണ്. ഭരണപക്ഷമായ ബിജെപിയുടെ ഹിന്ദുത്വം ഉയര്‍ത്തിയുള്ള അണിനിരത്തലിനെ വ്യക്തമായ രാഷ്‌ട്രീയ വിവരണത്തിലൂടെ തകര്‍ത്തെറിഞ്ഞ് തെരഞ്ഞെടുപ്പ് ഗോദയില്‍ നേട്ടം കൊയ്യണമെങ്കില്‍ കോണ്‍ഗ്രസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടതുണ്ട്.

ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ഗാന്ധി

'പ്രാമാണിത്തം' വീണ്ടെടുക്കാന്‍ : തിങ്കളാഴ്‌ചയോടെ വിജയകരമായി 4,000 കിലോമീറ്റര്‍ ദൂരം പിന്നിടുകയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. എന്നാല്‍ പിന്നിട്ട ദൂരത്തെ അപേക്ഷിച്ച് യാത്രയുടെ ഫലപ്രാപ്‌തി വ്യക്തമാവുക അടുത്തതായി വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലാണ്. ഈ സെമി ഫൈനല്‍ വഴി വേണം കോണ്‍ഗ്രസിന് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫൈനലിന് ഇറങ്ങാന്‍. മാത്രമല്ല ഈ തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിലൂടെ വേണം ബിജെപി വിരുദ്ധ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിനോട് വിമുഖത കാണിക്കുന്ന പ്രതിപക്ഷ നിരക്കിടയില്‍ തലപ്പൊക്കം പിടിക്കാനും.

മുന്നിലെ ജീവന്‍ മരണ പോരാട്ടം :ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് നിലവില്‍ ശക്തിയുണ്ടന്നാണ് കോണ്‍ഗ്രസ് വക്താവായ സഞ്ജയ് ഝായുടെ വിലയിരുത്തല്‍. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കീഴില്‍ കേഡറുകള്‍ ഉണര്‍ന്നുകഴിഞ്ഞെന്നും,തീവ്രവും രൂക്ഷവുമായുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ബിജെപിയുടെ തൊലിയുരിയുന്നതാണെന്നും സഞ്ജയ് ഝാ പറയുന്നു. ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് ജീവന്‍മരണ പോരാട്ടമായി കാണണമെന്നും ഏതൊരു കോണ്‍ഗ്രസ് അണിയെയും പോലെ അദ്ദേഹവും അഭിപ്രായപ്പെടുന്നു.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ

മത്സരത്തിന് മുമ്പേ 'തോല്‍വി'യോ : മേഘാലയ, മിസോറാം, ത്രിപുര, നാഗാലാന്‍ഡ്, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ ഒമ്പത് സംസ്ഥാനങ്ങള്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുകയാണ്. എന്നാല്‍ ഇതില്‍ അടുത്തമാസം പോളിങ് ബൂത്തിലേക്ക് കടക്കുന്ന നോര്‍ത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കാര്യമായി നേട്ടമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷയില്ലെന്നും സഞ്ജയ് ഝാ മനസ് തുറക്കുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ മിസോറാമില്‍ ദയനീയ പരാജയമേറ്റുവാങ്ങി അഞ്ച് സീറ്റിലൊതുങ്ങുകയായിരുന്നു കോണ്‍ഗ്രസ്. മേഘാലയിലെയും സ്ഥിതി മറ്റൊന്നല്ല. എന്നാല്‍ ത്രിപുരയിലേക്കും നാഗാലാന്‍ഡിലേക്കും കടക്കുമ്പോള്‍ ഇത് പൂജ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരിച്ചെടുക്കാന്‍ ഏറെയുണ്ട് :എന്നാല്‍ മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ സഞ്ജയ് ഝാ പങ്കുവച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍ക്കൈ നിലനില്‍ക്കുന്നു എന്ന വിദഗ്‌ധരുടെ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഇത്. നോര്‍ത്ത് ഈസ്‌റ്റിനെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന നാല് വമ്പന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കുക എന്നതുതന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രഥമ പരിഗണന.

ചെറുതല്ല 'വലിയ നാല്' :കര്‍ണാടകയില്‍ തിരികെക്കയറാന്‍ ഉന്നമിടുന്ന കോണ്‍ഗ്രസിന് അത്ര തന്നെ വേഗത്തില്‍ പരിഹരിക്കേണ്ട ഒന്നാണ് അധികാരത്തിലുള്ള രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റ് വിഷയവും. ആഞ്ഞുപിടിച്ചാല്‍ ഛത്തീസ്‌ഗഡും മധ്യപ്രദേശും കൂടെപ്പോരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോണ്‍ഗ്രസിന്, തെലങ്കാനയില്‍ ബിആര്‍എസിനും ബിജെപിക്കും പിറകിലായുള്ള സ്ഥാനം മെച്ചപ്പെടുത്തുക എന്നതിലുപരി അധികാരത്തിലെത്തുക എന്നതും ബാലികേറാമലയായി അവശേഷിക്കുകയാണ്.

ഭാരത് ജോഡോ യാത്ര, ഒരു ഫയല്‍ ചിത്രം

ലോട്ടറി അടിക്കുമോ :കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ടാണ് ബിജെപിക്കെതിരെ മത്സരത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങള്‍ അതീവ നിര്‍ണായകവുമാണ്. ഈ നാല് സംസ്ഥാനങ്ങള്‍ കൈപ്പിടിയിലാക്കിയാല്‍ 543 അംഗ ലോക്‌സഭയിലേക്ക് 93 എംപിമാരെ കോണ്‍ഗ്രസിനെത്തിക്കാം. മാത്രമല്ല ഇവിടങ്ങളിലെ വിജയത്തിന്‍റെ അലയൊലികള്‍ കോണ്‍ഗ്രസ് ഒരു രാഷ്‌ട്രീയ ശക്തിയായി ചിത്രത്തില്‍ തന്നെയില്ലാത്ത ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകടമായേക്കാം എന്നും ന്യൂഡല്‍ഹി കേന്ദ്രീകരിച്ചുള്ള സെന്‍റര്‍ ഫോര്‍ ദ സ്‌റ്റഡി ഓഫ് ഡെവലപ്‌മെന്‍റ് സൊസൈറ്റീസിന്‍റെ (സിഎസ്‌ഡിഎസ്‌) കോ ഡയറക്‌ടറായ സഞ്ജയ് കുമാര്‍ വിലയിരുത്തുന്നു.

യാത്രകള്‍ അവസാനിക്കുന്നില്ല :അതേസമയം വന്‍ജനാവലിയുടെ അകമ്പടിയോടെ ഇന്ത്യന്‍ മണ്ണിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം അവസാനിപ്പിക്കാനല്ല കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഭാരത് ജോഡോയ്ക്ക് പിന്നാലെയായി യാത്രയുടെ സന്ദേശങ്ങള്‍ ഓരോ വീടുകളിലേക്കുമെത്തിച്ചുകൊണ്ട് ജനുവരി 26 മുതല്‍ 'ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാന്‍' നടത്താനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് ഓരോ വീടുകളിലും നേരിട്ടെത്തി സന്ദേശങ്ങള്‍ കൈമാറാന്‍ സാധ്യമല്ലാത്ത സംസ്ഥാനങ്ങളുമുണ്ട് എന്നത് ഇതിനൊരു തടസമാകും.

ഭാരത് ജോഡോ യാത്ര കശ്‌മീരിലൂടെ, സമീപം മെഹ്‌ബൂബ മുഫ്‌തി

കൈ കൊടുത്തവര്‍, കൈവലിച്ചവര്‍ : ഭാരത് ജോഡോ 145 ദിവസത്തെ പ്രയാണം നടത്തിയതോടെ കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ ഡിഎംകെ, മഹാരാഷ്‌ട്രയില്‍ എന്‍സിപി, ശിവസേന, കശ്‌മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ഊഷ്‌മള ബന്ധം ഊട്ടിയുറപ്പിക്കാനായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അടുത്തുനിന്നവരെ അപേക്ഷിച്ച് ഭാരത് ജോഡോയോട് അകന്നുനിന്നവരായിരുന്നു ഏറെയും. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ ഭാരത് രാഷ്‌ട്ര സമിതി, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ ബിജു ജനതാദള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആം ആദ്‌മി പാര്‍ട്ടി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ അകന്നുനിന്നവരുടെ നിര നീളുന്നു. ഇവരെല്ലാം തന്നെ കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധ മൂന്നാം മുന്നണിയുടെ തിരക്കിലുമാണ്.

ഭാരത് ജോഡോ യാത്രയ്ക്ക്‌ നാളെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പോരാടാനൊരുങ്ങുന്ന കോണ്‍ഗ്രസിന്‍റെ ശ്രമം എത്രമാത്രം ഫലവത്താകുമെന്ന് അഭിനന്ദനങ്ങളുമായി എത്തുന്ന പ്രതിപക്ഷ നേതാക്കളുടെ എണ്ണം വിളിച്ചുപറയും.

ABOUT THE AUTHOR

...view details