ചണ്ഡീഗഡ്: വീരമൃത്യു വരിച്ച സൈനികന്‍റെ ഭാര്യക്ക് 56 വര്‍ഷങ്ങള്‍ക്ക് ശേഷം നീതി. ഭർത്താവ് രക്തസാക്ഷിയായ ശേഷം അർഹമായ പെൻഷൻ ലഭിക്കാൻ 56 വർഷത്തെ കാത്തിരിപ്പും നീണ്ട നിയമപോരാട്ടവുമാണ് ധര്‍മ്മോ ദേവിക്ക് നേരിടേണ്ടിവന്നത്. ധര്‍മ്മോ ദേവിക്ക് അർഹമായ പെൻഷൻ നൽകാൻ കേന്ദ്രസർക്കാരിനോടും സിആർപിഎഫിനോടും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതോടെ അവര്‍ വിജയിച്ചു.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ സിആർപിഎഫിന്‍റെ 9ാം ബറ്റാലിയനിൽ ജോലി ചെയ്‌തിരുന്ന ഭർത്താവ് കൊല്ലപ്പെട്ടതോടെയാണ് ധർമ്മോ ദേവിയുടെ നീതിക്കായുള്ള പോരാട്ടം ആരംഭിച്ചത്. ഭർത്താവിന്‍റെ മരണത്തെ തുടർന്ന് ധർമ്മോ ദേവിക്ക് പ്രത്യേക പെൻഷൻ അനുവദിച്ചിരുന്നു. എന്നാല്‍ നാല് വർഷത്തിന് ശേഷം പ്രത്യേക കാരണമേതുമില്ലാതെ ധര്‍മ്മോ ദേവിയുടെ പെൻഷൻ കേന്ദ്രം നിർത്തലാക്കുകയായിരുന്നു.
ഇതോടെ സർക്കാർ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് 1966ൽ അവർ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ധര്‍മ്മോ ദേവിക്ക് പെന്‍ഷന്‍ നൽകണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ 1966 മുതല്‍ 2022 വരെയുള്ള പെന്‍ഷന്‍ തുക പ്രതിവര്‍ഷം ആറ് ശതമാനം പലിശ സഹിതം നല്‍കണം.
വീരമൃത്യു വരിച്ച സൈനികന്‍റെ ഭാര്യക്ക് പെൻഷൻ മുടങ്ങിയത് സംബന്ധിച്ച് നേരത്തെ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും സിആർപിഎഫിനോടും മറുപടി ആവശ്യപ്പെട്ടിരുന്നു. 56 വർഷമായി ധര്‍മ്മോ ദേവിയുടെ നിയമപരമായ അവകാശങ്ങൾ നഷ്‌ടപ്പെട്ടുവെന്നും അന്നു മുതൽ മറ്റ് അലവൻസുകൾക്ക് അർഹതയുണ്ടെന്നും അവരുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ആശയവിനിമയത്തിലെ അപാകത മൂലമാണ് പെൻഷൻ മുടങ്ങിയതെന്നാണ് കേന്ദ്രവും സിആർപിഎഫും വാദിച്ചത്.
Also Read: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ സഹോദരിയുടെ വിവാഹം നടത്തി സിആര്‍പിഎഫ് സൈനികര്‍