ന്യൂഡൽഹി: ജി 20 ഉച്ചകോടി ആരംഭിച്ചതിനുപിന്നാലെ ആഫ്രിക്കൻ യുണിയനെയും ജി 20 കൂട്ടായ്മയിൽ അംഗമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് യൂറോപ്യൻ യൂണിയന്‍റ അതേ സ്ഥാനമാണ് ജി 20 യിൽ ലഭിക്കുക. ഇതോടെ കൂട്ടായ്മയിലെ 21-ാമത് അംഗമായി ആഫ്രിക്കൻ യൂണിയൻ മാറും. നിലവിൽ ജി20 ഉച്ചകോടിക്കായി ക്ഷണം ലഭിച്ചിട്ടുള്ള രാജ്യാന്തര സംഘടനകളിൽ ഒന്നാണ് ആഫ്രിക്കൻ യൂണിയൻ.
ഉച്ചകോടിയുടെ അധ്യക്ഷൻ എന്ന നിലയിലാണ് നരേന്ദ്ര മോദി ആഫ്രിക്കൻ യൂണിയനെ ജി 20 അംഗ രാജ്യമാക്കുന്നതായി വിളംബരം ചെയ്‌തത്. "എല്ലാവർക്കുമൊപ്പം സംസാരിക്കണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹം. അതിനാൽ ആഫ്രിക്കൻ യൂണിയനെ ജി20യിൽ സ്ഥിരാംഗമായി ചേർക്കണമെന്ന നിർദേശത്തിന് എല്ലാവരുടെയും അംഗീകാരമുണ്ടെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അംഗീകാരത്തോടെ ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസാലി അസ്സൗമനിയെ പൂർണ്ണ അംഗമെന്ന നിലയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയാണ്"- മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ആഫ്രിക്കൻ യൂണിയനെ അംഗമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചതിനു പിന്നാലെ ജി 20 സ്ഥിരാംഗങ്ങൾക്കൊപ്പം യൂണിയൻ ചെയർമാൻ അസാലി അസൗമനിയ്ക്ക് സീറ്റ് അനുവദിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചേർന്ന് അസാലി അസൗമനിയെ ജി20 യിലേക്ക് സ്വാഗതം ചെയ്‌തു.
പുതിയ തീരുമാനത്തോടെ ജി 20 കൂട്ടായ്മ ജി 21 എന്നാകും അറിയപ്പെടുക. 1999ൽ ജി20 കൂട്ടായ്മ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു കൂട്ടിച്ചേർക്കൽ നടത്തുന്നത്. നിലവിൽ ഇന്ത്യ ഉൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20 അംഗങ്ങൾ. ലോക ജനസംഖ്യയുടെ 65 ശതമാനം ജി 20 രാജ്യങ്ങളിലാണുള്ളത്. ലോക ജി ഡി പിയുടെ 85 ശതമാനവും കച്ചവടത്തിന്‍റെ 75 ശതമാനവും കൈയാളുന്നത് ഈ കൂട്ടായ്മയിലെ രാജ്യങ്ങളാണ്.