ന്യൂഡല്‍ഹി: ഒരു മാസം നീണ്ടു നിന്ന ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുമ്പോള്‍ സ്വന്തം നാടും വീടുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് അഭയം തേടുക മാത്രമായിരുന്നു അഫ്‌ഗാന്‍ ജനതയുടെ മുന്നിലുണ്ടായിരുന്ന ഏക വഴി. ഇനിയൊരു തിരിച്ച് പോക്ക് സാധ്യമാണോയെന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിലും പിന്നില്‍ ഉപേക്ഷിച്ച് പോന്ന ജന്മ നാടിന്‍റെ ഭാവിയെ കുറിച്ചാണ് അവര്‍ ആശങ്കപ്പെടുന്നത്. സ്വാതന്ത്ര്യവും അവകാശവും ഇല്ലാതാകുന്ന ജനതയെ കുറിച്ച്.
'ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചു'
കാബൂളില്‍ നിന്ന് ഞായറാഴ്‌ച ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന 129 പേരുടെ മുഖത്തും ആശങ്ക പ്രകടമായിരുന്നു. 'ലോകം അഫ്‌ഗാനിസ്ഥാനെ ഉപേക്ഷിച്ചുവെന്ന് എനിയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നാട്ടിലുള്ള ഞങ്ങളുടെ കുടുംബം കൊല്ലപ്പെടും. താലിബാന്‍ ഞങ്ങളെ കൊല്ലും. അഫ്‌ഗാന്‍ സ്ത്രീകള്‍ക്ക് ഇനി അവകാശങ്ങളൊന്നും ഉണ്ടാകില്ല,' ഡല്‍ഹിയിലെത്തിയ കാബൂള്‍ സ്വദേശിനി വൈകാരികമായി പ്രതികരിച്ചു.
'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം'
'എന്‍റെ ബന്ധുക്കളെല്ലാം ഹേറത്തിലാണ്. അവിടെ എല്ലാം അടച്ചു. സമാധാനമെന്നൊന്ന് ഇല്ല. ബുര്‍ഖ ധരിക്കാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങാനാകില്ല. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം,' അഫ്‌ഗാന്‍ പൗരന്‍ അബ്ദുള്‍ കാസിര്‍ പറഞ്ഞു. അഫ്‌ഗാനിലെ സ്ത്രീകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ആശങ്കയുണ്ടെന്ന് ഡല്‍ഹിയില്‍ താമസിക്കുന്ന അഫ്‌ഗാന്‍ യുവതി പറഞ്ഞു. 'അവിടത്തെ അവസ്ഥ അപകടകരമാണ്. ഞങ്ങള്‍ ബുര്‍ഖ ധരിക്കാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. സമാധാനത്തോടെ ഉറങ്ങാനോ ഭക്ഷണം കഴിയ്ക്കാനോ സാധിക്കുന്നില്ല,' ആരിഫ ആശങ്ക പ്രകടിപ്പിച്ചു.
'പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍'
'ആളുകള്‍ ബങ്കുകളിലേക്ക് ഓടുകയായിരുന്നു. അക്രമങ്ങളൊന്നും കണ്ടില്ല. എന്നാല്‍ അതുണ്ടായിട്ടില്ലെന്ന് പറയാനാകില്ല. എന്‍റെ കുടുംബം അഫ്‌ഗാനിസ്ഥാനിലാണ്. മുന്‍കൂട്ടി നിശ്ചയിച്ചാണ് കാബൂളില്‍ നിന്ന് വിമാനം കയറിയത്. കുറെയേറെ പേരാണ് കാബൂള്‍ വിട്ടത്,' അബ്ദുള്ള മസൂദി പറഞ്ഞു. കാബൂളില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികളില്‍ ഒരാളാണ് അബ്ദുള്ള മസൂദി. ബെംഗളൂരുവില്‍ ബിസിനസ് അഡ്‌മിനിസ്ട്രേഷനില്‍ ബിരുദം ചെയ്യുന്നു. കാബൂള്‍ വിട്ടെങ്കിലും താലിബാന്‍ അഫ്‌ഗാന്‍ ഭരിക്കുന്നിടത്തോളം ഭാവി സുനിശ്ചിതമല്ലാത്ത അനേകായിരങ്ങളില്‍ ഒരാള്‍.
കോഴിക്കോട് ഫറൂഖ് കോളജില്‍ പഠിക്കുന്ന അഫ്‌ഗാന്‍ വിദ്യാര്‍ഥികളും നിലവിലെ സാഹചര്യത്തില്‍ ആശങ്കാകുലരാണ്. രക്തച്ചൊരിച്ചിലില്ലാത്ത അഫ്‌ഗാനിസ്ഥാനാണ് അവരുടെ സ്വപ്‌നം.