പറ്റ്‌ന:ബിഹാറില്‍ പുതുതായി സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രിമാരില്‍ 72 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സിന്‍റെ (ADR) റിപ്പോര്‍ട്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജ്വസി യാദവിനും എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുമായുള്ള സഖ്യം വിട്ടതിന് ശേഷം ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷപാര്‍ട്ടികള്‍ എന്നിവരുമായി ചേര്‍ന്ന് ജെഡിയു മഹാഗഡ്‌ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം പരിശോധിച്ചാണ് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സും ബിഹാര്‍ ഇലക്ഷന്‍ വാച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 33 പേരില്‍ 32 പേരുടെ സത്യവാങ്‌മൂലമാണ് പരിശോധിച്ചത്. മന്ത്രിസഭയിലെ അശോക് ചൗദരി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണ്.
ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ നാമനിര്‍ദേശം ചെയ്‌ത അംഗങ്ങള്‍ക്ക് കേസുകളും സ്വത്ത് വിവരങ്ങളും സംബന്ധിച്ച സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടതില്ല. അതുകൊണ്ടാണ് ഈ റിപ്പോര്‍ട്ടില്‍ അദ്ദേഹം ഉള്‍പ്പെടാതിരുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 23 മന്ത്രിമാര്‍ക്കാണ് (72 ശതമാനം) ക്രിമിനല്‍ കേസുകള്‍ ഉള്ളത്. ഇതില്‍ 17 മന്ത്രിമാര്‍ക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനല്‍ കേസുകളാണ്. 32 മന്ത്രിമാരില്‍ 27 പേര്‍ (84 ശതമാനം) കോടിപതികളാണ്. ഈ 32 മന്ത്രിമാരുടെ ശരാശരി ആസ്തി 5.82 കോടിയാണ്.
ആസ്‌തിയില്‍ വമ്പൻമാർ, വിദ്യാഭ്യാസത്തില്‍ ശരാശരി: മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് സമീര്‍ കുമാര്‍ മഹാസേത്തിനാണ്. മധുബനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്‍റെ ആസ്‌തി 24.45 കോടി രൂപയാണ്. ഏറ്റവും കുറഞ്ഞ ആസ്ഥിയുള്ളത് മുരാരി പ്രസാദ് ഗൗദമിനാണ്. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്‌ത മണ്ഡലമായ ചെനാരിയെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്‍റെ ആസ്ഥി 17.66 ലക്ഷം രൂപയാണ്.
23 മന്ത്രിമാര്‍ തങ്ങള്‍ക്ക് കടങ്ങളുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കടമുള്ള മന്ത്രി ലളിത് കുമാര്‍ യാദവാണ്. 2.35 കോടി രൂപയാണ് അദ്ദേഹത്തിനുള്ള കടം. 25 ശതമാനം മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത 8ാം ക്ലാസിനും 12ാം ക്ലാസിനും ഇടയിലാണ്. 75 ശതമാനം മന്ത്രിമാരുടേയും വിദ്യാഭ്യാസ യോഗ്യത ബിരുദമോ അതിന് മുകളിലോ ആണ്.
17 മന്ത്രിമാരുടെ പ്രായം മുപ്പതിനും അമ്പതിനും ഇടയിലാണ്. മന്ത്രിമാരില്‍ 15 പേരുടെ പ്രായം 51 നും 75 നും ഇടയിലാണ്. മന്തിസഭയില്‍ മൂന്ന് പേരാണ് സ്‌ത്രീകള്‍. ജെഡിയുവില്‍ നിന്ന് 11, ആര്‍ജെഡിയില്‍ നിന്ന് 16, കോണ്‍ഗ്രസില്‍ നിന്ന് രണ്ട്, മുന്‍ മുഖ്യമന്ത്രിയായ ജിതന്‍ റാം മാഞ്ചിയുടെ HAMല്‍ നിന്ന് ഒരാള്‍, ഒരു സ്വതന്ത്ര അംഗം എന്നിങ്ങനെയാണ് മന്ത്രിമാര്‍.
എന്‍ഡിഎ വിട്ടതിന് ശേഷം ആര്‍ജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ട നിതീഷ് കുമാറിന്‍റെ നടപടി ബfഹാറിനെ വീണ്ടും ജഗിള്‍ രാജിലേക്ക് നയിക്കുമെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. ആര്‍ജെഡിയുടെ ഭരണകാലം ക്രിമിനലുകളുടെ വിഹാര കാലമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി മാറും. ആര്‍ജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ നിതീഷിന്‍റെ അഴിമതി വിരുദ്ധ നിലപാടുകളും പൊള്ളയായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി പ്രതികരിക്കുന്നു.