ബംഗളൂരു : ഉപേക്ഷിക്കപ്പെടാത്തതോ അനാഥരോ അല്ലാത്ത കുട്ടികളെ മാതാപിതാക്കളിൽ നിന്ന് നേരിട്ട് ദത്തെടുക്കുന്നത് ബലാവകാശ നിയമത്തിന്‍റെ വകുപ്പ് 80 അനുസരിച്ചുള്ള കുറ്റത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി. രണ്ട് ദമ്പതികള്‍ക്കെതിരെ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡര്‍ വിധി പുറപ്പെടുവിച്ചത്.
ദത്തെടുത്ത ദമ്പതികളോ അല്ലെങ്കില്‍ മതാപിതാക്കളോ കുട്ടിയെ ഉപേക്ഷിച്ചെന്ന പ്രഖ്യാപനം ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്ത സാഹചര്യത്തില്‍, ദമ്പതികള്‍ക്കെതിരെയുള്ള കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിനാധാരമായ സംഭവം :കൊപ്പാല്‍ സ്വദേശിനിയായ ബാനു ബീഗം 2018ല്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. അതിലൊരു കുട്ടിയെ ബാനു ബീഗവും അവരുടെ ഭര്‍ത്താവായ മഹിബൂബ്‌സാബ് നബിസാബും ചേര്‍ന്ന് സീന ബീഗം ഷാക്ക്‌ഷാവലി അബ്‌ദുള്‍സാബ് എന്നീ ദമ്പതികള്‍ക്ക് ദത്ത് കൊടുക്കുന്നു. 20 രൂപയുടെ സ്റ്റാമ്പ് പേപ്പറിലാണ് ദത്തെടുക്കല്‍ കരാറില്‍ ഇവര്‍ ഏര്‍പ്പെട്ടത്.
ഇതേതുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി ബാലാവകാശ നിയമത്തിന്‍റെ 80ാം വകുപ്പിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ദമ്പതികള്‍ക്കെതിരെയും സമന്‍സ് അയച്ചു. ഇതിനെതിരെയാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികള്‍ ദത്തെടുക്കല്‍ നടപടികള്‍ പാലിച്ചില്ലെന്നും ബാലാവകാശ നിയമത്തിന്‍റെ 80ാം വകുപ്പ് അനുസരിച്ച് കുറ്റം ചെയ്‌തെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.