ഹൈദരാബാദ്: സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്ക്. ഇന്ന് വൈകുന്നേരത്തോടെ പേടകം ലാഗ്രാഞ്ച് പോയിന്‍റ് ഒന്നിന് (എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. സൂര്യ ഭൗമ വ്യവസ്ഥയിലെ അഞ്ച് ലാഗ്രാഞ്ച് പോയിന്‍റുകളില്‍ ആദ്യത്തേതിന് ചുറ്റുമുള്ള ഭ്രമണപഥമായ 'ഹലോ ഓര്‍ബിറ്റി'ലാണ് പേടകം പ്രവേശിക്കുക.
സൂര്യന്‍, ഭൂമി എന്നിവയുടെ ഗുരുത്വാകര്‍ഷണ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുന്നയിടങ്ങളാണ് ലാഗ്രാഞ്ച് പോയിന്‍റുകള്‍. ആദിത്യ എല്‍ 1 പര്യവേക്ഷണത്തിലെ നിര്‍ണായക ഘട്ടമായ ലാഗ്രാഞ്ച് പോയിന്‍റിലേക്കുള്ള പ്രവേശനത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളതെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. പേടകം ഇതിനകം എല്‍ 1 പോയിന്‍റിന് തൊട്ടരികില്‍ എത്തിയിട്ടുണ്ടെന്ന് ഇന്നലെ (ജനുവരി 5) ഐഎസ്‌ആര്‍ഒ വക്താക്കള്‍ അറിയിച്ചിരുന്നു (Indian Space Research Organisation (ISRO).
ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് പേടകം ലക്ഷ്യ സ്ഥാനത്തിന് തൊട്ടരികെ എത്തിയിരിക്കുന്നത്. പേടകം ഹലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച നേട്ടമായിരിക്കും. മറ്റ് ലാഗ്രാഞ്ച് പോയിന്‍റുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ പോയിന്‍റാണ് എല്‍1. എന്നാല്‍ പേടകത്തെ കൂടുതല്‍ സമയം മേഖലയില്‍ നിലനിര്‍ത്തുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും (Aditya-L1).