കേരളം

kerala

ETV Bharat / bharat

Aditya L1 Seven Payloads സൂര്യനെ പഠിക്കാനൊരുങ്ങി ആദിത്യ എൽ 1; കരുത്തായി കൂട്ടിന് ഏഴ് പേലോഡുകളും

Aditya L1 Seven Payloads for systematic study of the sun വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ആദിത്യ എൽ 1ലെ ഏഴ് പേലോഡുകളും

Aditya L1  ആദിത്യ എല്‍1  ആദിത്യ എല്‍1 വിക്ഷേപണം  സതീഷ് ധവാൻ സ്‌പേസ് സെന്‍റർ  ADITYA L1 SEVEN PAYLOADS  VELC  SUIT  SoLEXS  HEL1OS  SoLEXS  ASPEX  PAPA  PSLV C57  പിഎസ്‌എൽവി സി57  വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ്  ആദിത്യ എൽ 1 ലെ പേലോഡുകൾ  Solar Ultra violet Imaging Telescope  Solar Low Energy X ray Spectrometer  Satish Dhawan Space Centre  ഐഎസ്ആർഒ  ISRO
Aditya L1 Seven Payloads

By ETV Bharat Kerala Team

Published : Sep 1, 2023, 10:47 PM IST

Updated : Sep 2, 2023, 9:14 AM IST

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള രാജ്യത്തിന്‍റെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എല്‍1 (Aditya L1) വിക്ഷേപണത്തിനൊരുങ്ങുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ (Satish Dhawan Space Centre) ഇന്ന് ഉച്ചയ്‌ക്ക് 12.10ന് ആദിത്യ - എൽ1ന്‍റെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചിരുന്നു.

ആദിത്യ-എൽ1 ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള പിഎസ്‌എൽവി സി57 (PSLV C57) റോക്കറ്റ് സെപ്‌റ്റംബർ രണ്ട് ശനിയാഴ്‌ച രാവിലെ 11.50ന് വിക്ഷേപിക്കും. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍1 പേടകം വഹിക്കുന്നത് (Aditya L1 Seven Payloads). എല്ലാ പേലോഡുകളും വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.

വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (SUIT), ഹൈ എനർജി എൽ1 ഓർബിറ്റിങ് സ്പെക്‌ട്രോമീറ്റർ (HEL1OS), സോളാർ ലോ എനർജി എക്‌സ്‌-റേ സ്പെക്ട്രോമീറ്റർ (SoLEX), പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), ആദിത്യ സോളാർവിൻഡ് ആൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്‍റ് (ASPEX), മാഗ്‌നെറ്റോമീറ്റർ (MAG) എന്നിങ്ങനെ ഏഴ് ഉപകരണങ്ങൾ അടങ്ങിയ പേലോഡാണ് ആദിത്യ-എൽ1 ൽ സജ്ജമാക്കിയിരിക്കുന്നത്.

വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC)

വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC) എന്നത് ആദിത്യ-L1 ഓൺബോർഡിലെ പ്രധാന പേലോഡാണ്, മൾട്ടി-സ്ലിറ്റ് സ്പെക്ട്രോഗ്രാഫ് ഉള്ള ഒരു റിഫ്ലക്‌ടീവ് കൊറോണഗ്രാഫായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഐഎസ്ആർഒയുമായി സഹകരിച്ച് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് വികസിപ്പിച്ചെടുത്ത വിഇഎൽസി, സൂര്യന്‍റെ പ്രഭാവലയത്തെക്കുറിച്ചും കൊറോണൽ മാസ് എജക്ഷനുകളുടെ ചലനാത്മകതയെയും കുറിച്ച് പഠിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT)

സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT)അൾട്രാവയലറ്റ് തരംഗദൈർഘ്യ ശ്രേണിയിലുള്ള സോളാർ ഡിസ്‌കിനെ ചിത്രീകരിക്കുന്നതിനുള്ള ഒരു അള്‍ട്രാവയലറ്റ് ദൂരദർശിനിയാണിത്. ഐഎസ്ആർഒയുമായി സഹകരിച്ച് പൂനെയിലെ ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സ് വികസിപ്പിച്ച പേലോഡ്, അൾട്രാവയലറ്റിന് (യുവി) സമീപമുള്ള സൂര്യ പ്രഭാമണ്ഡലത്തെയും വര്‍ണപരിവേഷത്തെയും ചിത്രീകരിക്കുകയും യുവിയ്ക്ക് സമീപമുള്ള സൗരവികിരണ വ്യതിയാനങ്ങൾ അളക്കുകയും ചെയ്യും.

സോളാർ ലോ എനർജി എക്‌സ്-റേ സ്പെക്‌ട്രോമീറ്റർ (SoLEXS)

സോളാർ ലോ എനർജി എക്‌സ് റേ സ്പെക്‌ട്രോമീറ്റർ (SoLEXS)ആദിത്യ-L1-ൽ ഉള്ള ഒരു സോഫ്റ്റ് എക്‌സ് റേ സ്പെക്‌ട്രോമീറ്റർ ആണിത്. സോളാർ ഫ്ലെയറുകൾ പഠിക്കാൻ സോളാർ സോഫ്റ്റ് എക്‌സ് റേ ഫ്ലക്‌സ് അളക്കുന്നതിനാണ് പേലോഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്‌സ്-റേ സ്പെക്‌ട്രോമീറ്റർ (HEL1OS)

ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്‌സ് റേ സ്പെക്‌ട്രോമീറ്റർ (HEL1OS) ഉയർന്ന ഊർജ എക്‌സ് റേകളിൽ സൗരജ്വാലകളെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു ഹാർഡ് എക്‌സ് റേ സ്പെക്‌ട്രോമീറ്റർ ആണിത്. സോളാർ ലോ എനർജി എക്‌സ് റേ സ്പെക്‌ട്രോമീറ്റർ (SoLEXS) ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്‌സ് റേ സ്പെക്‌ട്രോമീറ്റർ (HEL1OS) എന്നിവ ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ വികസിപ്പിച്ചെടുത്തതാണ്.

ആദിത്യ സോളാർ വിൻഡ് ആൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്‍റ് (ASPEX)

ആദിത്യ സോളാർ വിൻഡ് ആൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്‍റ് (ASPEX) പേലോഡിൽ രണ്ട് ഉപസംവിധാനങ്ങൾ ഉൾപ്പെടുന്നു: സ്വിസും (SWIS) സ്റ്റെപ്‌സും (STEPS). സ്വിസ് (സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ)സൗരവാതത്തിന്‍റെ പ്രോട്ടോൺ, ആൽഫ കണങ്ങളെ അളക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു ലോ-എനർജി സ്പെക്‌ട്രോമീറ്ററാണിത്. സ്റ്റെപ്‌സ് (സൂപ്പർതെർമൽ ആൻഡ് എനർജിറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ) സൗരവാതത്തിന്‍റെ ഉയർന്ന ഊർജ അയോണുകൾ (Ions) അളക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു ഉയർന്ന ഊർജ സ്പെക്ട്രോമീറ്റർ ആണിത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലാണ് ASPEX എന്ന പേലോഡ് വികസിപ്പിച്ചിരിക്കുന്നത്.

പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA)

പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA) സൗരവാതങ്ങളെയും അതിന്‍റെ ഘടനയെയും മനസിലാക്കാനും സൗരവാത അയോണുകളുടെ മാസ് വിശകലനം നടത്താനും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പേലോഡായ PAPA വികസിപ്പിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ സ്പേസ് ഫിസിക്‌സ് ലബോറട്ടറിയിലാണ്.

മാഗ്നെറ്റോമീറ്റർ (MAG)

മാഗ്‌നെറ്റോമീറ്റർ (MAG) ആദിത്യ-L1 ബഹിരാകാശത്ത് കുറഞ്ഞ തീവ്രതയുള്ള ഗ്രഹാന്തര കാന്തിക വലയം (Interplanetary Magnetic Field) അളക്കാൻ ഉപയോഗിക്കുന്നു. ഇതിന് രണ്ട് സെറ്റ് കാന്തിക സെൻസറുകൾ ഉണ്ട്. ഒന്ന് 6 മീറ്റർ വിന്യസിക്കാവുന്ന ബൂമിന്‍റെ അഗ്രത്തിലും മറ്റൊന്ന് ബഹിരാകാശ പേടകത്തിൽ നിന്ന് 3 മീറ്റർ അകലെ ബൂമിന്‍റെ മധ്യത്തിലും. ബെംഗളൂരുവിലെ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയിൽ വികസിപ്പിച്ച പേലോഡിന് എൽ1 പോയിന്‍റിൽ ഗ്രഹാന്തര കാന്തിക വലയം അളക്കാൻ കഴിയും.

Last Updated : Sep 2, 2023, 9:14 AM IST

ABOUT THE AUTHOR

...view details