ചന്ദ്രനെ തൊട്ട ഐഎസ്‌ആര്‍ഒ സൗര രഹസ്യം തേടിയുള്ള യാത്രയിലാണിപ്പോള്‍. സൂര്യനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസിലാക്കുന്നതിനായി ഇന്‍റര്‍ ഗാലക്‌റ്റിക് ഭ്രമണപഥത്തിലേക്ക് ആദിത്യ എല്‍1നെ തൊടുത്തു വിട്ടിരിക്കുകയാണ് രാജ്യം. ചന്ദ്രയാന്‍ 3ന്‍റെ വിജയം നല്‍കിയ പ്രചോദനമാണ് ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണത്തിന് പിന്നില്‍. രാജ്യം ആദിത്യ എല്‍ 1നെയും ഐഎസ്‌ആര്‍ഒയേയും ഓര്‍ത്ത് അഭിമാനം കൊള്ളുമ്പോള്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ പെണ്‍കരുത്തിനെ, ശാസ്‌ത്രജ്ഞയായ നിഗര്‍ ഷാജിയെ പരിചയപ്പെടുത്തുകയാണ് ഇടിവി ഭാരത് (Aditya L1 Project Director Nigar Shaji).
കര്‍ഷക കുടുംബത്തില്‍ നിന്ന് ഐഎസ്‌ആര്‍ഒയിലേക്ക് :തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ സെങ്കോട്ടയാണ് നിഗര്‍ ഷാജിയുടെ സ്വദേശം. ജനിച്ചതാകട്ടെ ഒരു കര്‍ഷക കുടുംബത്തിലും. അച്ഛന്‍ കൃഷി ബിരുദധാരിയായ ഷെയ്‌ഖ് മീരാന്‍. അമ്മ സൈത്തൂണ്‍ ബീവി വീട്ടമ്മയായിരുന്നു. സെങ്കോട്ടയിലെ എസ്‌ആര്‍എം ഗേള്‍സ് സ്‌കൂളിലായിരുന്നു നിഗര്‍ തന്‍റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് ബിരുദം നേടി. എംഇ പൂര്‍ത്തിയാക്കാന്‍ നിഗര്‍ തെരഞ്ഞെടുത്തത് റാഞ്ചിയിലെ ബിഐടിയായിരുന്നു.
പഠനം പൂര്‍ത്തിയായ സമയത്താണ് ഐഎസ്‌ആര്‍ഒയില്‍ നിന്നുള്ള ജോലി അറിയിപ്പ് നിഗറിന്‍റെ ശ്രദ്ധയില്‍ പെട്ടത്. മറ്റൊന്നും ആലോചിക്കാതെ ജോലിക്കായി അപേക്ഷിച്ചു. അധികം വൈകാതെ തന്നെ ജോലി ലഭിച്ചതായി അറിയിച്ച് ഐഎസ്‌ആര്‍ഒയില്‍ നിന്നുള്ള വിളിയും എത്തി. അങ്ങനെ നിഗര്‍ ഷാജി ഐഎസ്‌ആര്‍ഒയുടെ ഭാഗമാകുകയായിരുന്നു (ISRO Scientist Nigar Shaji).
കരിയറിന്‍റെ തുടക്കം ശ്രീഹരിക്കോട്ടയില്‍ :ഇസ്രോയുടെ (Indian Space Research Organization) പ്രധാന കേന്ദ്രമായ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ 1987ലാണ് നിഗര്‍ തന്‍റെ കരിയര്‍ ആരംഭിച്ചത്. കുറച്ചു നാള്‍ അവിടെ തന്നെയുണ്ടായിരുന്നു. പിന്നീട് ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്‍ററിലേക്ക് ജോലി മാറി. അവിടെ വിവിധ തസ്‌തികകളില്‍ നിഗര്‍ ഷാജി സേവനം അനുഷ്‌ഠിച്ചു. ഇതിനിടെ രാജ്യത്തിന്‍റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1ന്‍റെ പ്രോജക്‌ട് ഡയറക്‌ടറായി നിഗര്‍ ചുമതലയേറ്റു. രാജ്യം മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ നിഗര്‍ ഷാജിയും ആ ചരിത്രത്തിന്‍റെ ഭാഗമാകുകയാണ്.
'ആദിത്യ എല്‍1 പോലുള്ള, രാജ്യത്തിന്‍റെ അഭിമാനകരമായ ഒരു പ്രോജക്‌ടിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ട്. ഓരോ ഘട്ടത്തിലും വെല്ലുവിളികളുണ്ട്. എന്നാല്‍ അവയൊന്നും ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല' -നിഗര്‍ ഷാജി ഇടിവി ഭാരതിനോട് പറഞ്ഞു. 'ഐഎസ്‌ആര്‍ഒയില്‍ സ്‌ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ വളരെ അനുകൂല സാഹചര്യമാണ് ഉള്ളത്. ലക്ഷ്യങ്ങള്‍ തെരഞ്ഞടുക്കുക എന്നതാണ് പ്രധാനം. ഇവിടെ മികച്ച പ്രോത്സാഹനം തന്നെ ലഭിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഐഎസ്‌ആര്‍ഒ കേന്ദ്രങ്ങളില്‍ എവിടെയും സ്‌ത്രീകളോട് വിവേചനമോ അസമത്വമോ ഇല്ല. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളും കഴിവുകളും അംഗീകരിക്കപ്പെടും. ഭാവിയില്‍ വിശ്വാസം വച്ച് പ്രവര്‍ത്തിക്കുക, അത് നമ്മെ തീര്‍ച്ചയായും മുന്‍ നിരയില്‍ എത്തിക്കുക തന്നെ ചെയ്യും' -നിഗര്‍ പറഞ്ഞു നിര്‍ത്തുന്നു.
നേരത്തെ ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്, കമ്മ്യൂണിക്കേഷന്‍, ഇന്‍റര്‍പ്ലാനറ്ററി സാറ്റലൈറ്റുകള്‍ എന്നിവയുടെ രൂപകല്‍പനയിലും നിഗര്‍ പങ്കാളിയായിരുന്നു. ദേശീയ റിസോഴ്‌സ് നിരീക്ഷണത്തിനും മാനേജ്‌മെന്‍റിനുമായി ഐഎസ്‌ആര്‍ഒ ഏറ്റെടുത്ത ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് റിസോഴ്‌സാറ്റ് 2 എയുടെ അസോസിയേറ്റ് പ്രോജക്‌ട് ഡയറക്‌ടറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇമേജ് കംപ്രഷന്‍, സിസ്റ്റം എന്‍ജിനീയറിങ്, ബഹിരാകാശ ഇന്‍റര്‍നെറ്റ് വര്‍ക്കിങ് തുടങ്ങിയ തലക്കെട്ടുകളില്‍ ഗവേഷക പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും നിഗര്‍ ഷാജിയ്‌ക്ക് അവസരം ലഭിച്ചു.
ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്നതാണ് നിഗര്‍ ഷാജിയുടെ കുടുംബം. ഭര്‍ത്താവ് ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മകന്‍ ഫ്ലൂയിഡ് മെക്കാനിക്‌സില്‍ ഡോക്‌ടറേറ്റ് നേടി നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നു. മകള്‍ മെഡിക്കല്‍ പ്രൊഫഷനിലാണ്.