ബെംഗളൂരു : ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 (Aditya L1) ഭൂമിയുടെ സ്വാധീന വലയം ( Sphere Of Earths Influence) പിന്നിട്ടതായി ഐഎസ്‌ആർഒ (Indian Space Research Organisation). ഇതിനോടകം ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് ആദിത്യ എൽ1 സഞ്ചരിച്ചത്. നിലവിൽ സൂര്യനും ഭൂമിക്കുമിടയിലുള്ള ലഗ്രാഞ്ച് പോയിന്‍റ് 1 ( Lagrange Point 1) ലേക്കാണ് പേടകം നീങ്ങുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് ലഗ്രാഞ്ച് പോയിന്‍റ്. ഈ പോയിന്‍റിൽ കൃത്യമായി പേടകം ലാൻഡ് ചെയ്‌താൽ യാതൊരു തടസവും ഇല്ലാതെ സൂര്യനെ പഠിക്കാൻ ഇന്ത്യയിലെ ശാസ്‌ത്രജ്‌ഞർക്കാവുമെന്നാണ് വിലയിരുത്തൽ. മാർസ് ഓർബിറ്റർ മിഷന് ശേഷം ഇത് രണ്ടാം തവണയാണ് ഭൂമിയുടെ സ്വാധീന വലയത്തിന് പുറത്തേക്ക് ഒരു ബഹിരാകാശ പേടകം അയക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്‌ക്ക് സാധിക്കുന്നതെന്നും ഐഎസ്‌ആർഒ ( ISRO ) എക്‌സിൽ കുറിച്ചു.
Also Read :Aditya L 1 Shares Selfie and Images: യാത്രക്കിടെ സെല്‍ഫിയെടുത്തയച്ച് ആദിത്യ എല്‍ 1; ഒപ്പം ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളും
ഭ്രമണപഥം വിട്ടത് രണ്ടാഴ്‌ച മുൻപ് :ഇക്കഴിഞ്ഞ സെപ്‌റ്റംബർ 19 നാണ് ആദിത്യ എൽ1 ഭൂമിയുടെ ഭ്രമണപഥം വിട്ടതായി ഐഎസ്‌ആർഒ അറിയിച്ചത്. ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള ആദ്യ ഘട്ടമായ ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ലാം എഞ്ചിൻ ജ്വലിപ്പിച്ച് പേടകം യാത്രാപഥം മാറ്റിയത്.
ഇതോടെ തുടർച്ചയായ അഞ്ചാം തവണയാണ് ഐഎസ്ആർഒ ഒരു പേടകത്തിന്‍റെ യാത്രാപഥം വിജയകരമായി മാറ്റുന്നത്. 110 ദിവസങ്ങളാണ് പേടകം ലക്ഷ്യസ്ഥാനത്തെത്താൻ വേണ്ട സമയമായി ഐഎസ്‌ആർഒ കണക്കാക്കുന്നത്. ഇതുപ്രകാരം ജനുവരി ആദ്യ വാരത്തിലായിരിക്കും പേടകം എൽ വണ്ണിൽ എത്താൻ സാധ്യത.
Also Read :Aditya L1 Commenced Collecting Scientific Data: ആദിത്യ എൽ-1 പണി തുടങ്ങി; ശാസ്ത്രീയ വിവരങ്ങൾ ശേഖരിച്ചുവെന്ന് ഐഎസ്ആർഒ
സെപ്‌റ്റംബർ മൂന്നിനായിരുന്നു പേടകം ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് സെപ്റ്റംബർ അഞ്ചിന് രണ്ടാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബർ പത്തിന് മൂന്നാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബര്‍ 15ന് നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
സെപ്‌റ്റംബർ രണ്ടിനാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും ആദിത്യ എൽ1 വിക്ഷേപിച്ചത്. പിഎസ്‌എൽവി സി57 റോക്കറ്റാണ് പേകടത്തെ വഹിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ഏഴ് വ്യത്യസ്‌ത പേലോഡുകളാണ് പേടകത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
Also Read :Adithya L-1 Trans-Lagrangean Point 1 Insertion | ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; പേടകം എൽ-1 പോയിന്‍റിലേക്കുള്ള യാത്രയിൽ