ഹൈദരാബാദ് :സൂര്യനെ കുറിച്ച് പഠനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ സൂര്യനിലേക്ക് യാത്ര തിരിച്ച ആദിത്യ എല്‍ 1 സൗരജ്വാലകളുടെ അതി തീവ്ര ഊര്‍ജ പ്രവാഹത്തിന്‍റെ എക്‌സ് റേ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ഐഎസ്‌ആര്‍ഒ. ആദിത്യയിലെ ഹൈ എനര്‍ജി L1 ഓര്‍ബിറ്റിങ് എക്‌സ് റേ സ്‌പെക്‌ട്രോമീറ്ററാണ് (High Energy L1 Orbiting X-ray Spectrometer (HEL1OS) ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 29ന് ഏകദേശം 12:00 മുതൽ 22:00 UT വരെയുള്ള ആദ്യ നിരീക്ഷണ കാലയളവിലാണ് സ്‌പെക്‌ട്രോമീറ്ററിന് ദൃശ്യങ്ങള്‍ പകര്‍ത്താനായത് (ISRO About Aditya L1).
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1ല്‍ നിന്നും എക്‌സ് റേ ദൃശ്യങ്ങള്‍ ലഭിച്ചത് സൗര യാത്രയെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. എക്‌സ് റേ ദൃശ്യങ്ങളെ കുറിച്ച് ഐഎസ്‌ആര്‍ഒ തന്നെയാണ് എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ടത്. സൂര്യനില്‍ നിന്നും രേഖപ്പെടുത്തപ്പെട്ട ഈ വിവരങ്ങള്‍ NOAA യുടെ (National Oceanic and Atmospheric Administration) GOES (Geostationary Operational Environmental Satellites) നൽകുന്ന എക്‌സ് റേ ലൈറ്റ് കർവുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ശാസ്‌ത്രജ്ഞര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
സൂര്യനില്‍ നിന്നും റെക്കോര്‍ഡ് ചെയ്യപ്പെട്ട സൗരജ്വാലകളുടെ ദൃശ്യങ്ങള്‍ സൂര്യനിലെ ഊര്‍ജ പ്രവാഹം, ഇലക്‌ട്രോണ്‍ ആക്‌സിലറേഷന്‍ എന്നിവയെ കുറിച്ച് പഠനം നടത്താന്‍ ഗവേഷകര്‍ക്ക് സഹായകമാകുന്നു. ബെംഗളൂരുവിലെ ആര്‍ റാവു സാറ്റലൈറ്റ് സെന്‍ററിലെ ബഹിരാകാശ ഗവേഷകരാണ് HEL1OS വികസിപ്പിച്ചത്. 2023 ഒക്‌ടോബർ 27ന് കമ്മിഷൻ ചെയ്‌ത HEL1OS നിലവിൽ ത്രെഷോൾഡുകളുടെയും കാലിബ്രേഷൻ പ്രവർത്തനങ്ങളുടെയും സൂക്ഷ്‌മമായ ട്യൂണിങ്ങിന് വിധേയമാണ്.
ഫാസ്റ്റ് ടൈമിങ്ങും ഉയർന്ന റെസല്യൂഷനുള്ള സ്പെക്‌ട്രയും ഉപയോഗിച്ച് സൂര്യന്‍റെ ഉയർന്ന ഊർജ എക്‌സ് റേ പ്രവർത്തനം നിരീക്ഷിക്കാൻ ഉപകരണത്തിനാകുമെന്നതാണ് പ്രത്യേകത.