ബെംഗളൂരു: സൂര്യനെ പഠിക്കാനുള്ള യാത്രക്കിടെ സെല്‍ഫിയെടുത്തയച്ച് രാജ്യത്തിന്‍റെ ആദ്യ സോളാര്‍ മിഷനായ ആദിത്യ എല്‍ 1 (Aditya L1). ഇതുപ്രകാരം ആദിത്യ എല്‍ 1 ബഹിരാകാശ പേടകത്തിലുള്ള ക്യാമറയില്‍ പകര്‍ത്തിയ സെല്‍ഫിയും (Aditya L1 Selfie) ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ (ISRO) പങ്കുവച്ചു. ലോകത്തിന് മുന്നില്‍ തന്നെ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ചന്ദ്രയാന്‍ 3 (Chandrayaan 3), ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (Lunar South Pole) വിജയകരമായി പറന്നിറങ്ങിയതിന് പിന്നാലെയായിരുന്നു ആദിത്യയുടെ വിക്ഷേപണം.
ചിത്രങ്ങളില്‍ എന്തെല്ലാം:സൂര്യനും ഭൂമിക്കും ഇടയിലുള്ള എല്‍ 1 പോയിന്‍റ് (L 1 Point) ലക്ഷ്യമാക്കി കുതിക്കവെ ആദിത്യ എല്‍ 1, ഒരു സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളുമെടുത്തുവെന്ന കുറിപ്പാണ് ഐഎസ്‌ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ (ISRO X Account) കുറിച്ചത്. ഇതിനൊപ്പം ഐഎസ്‌ആര്‍ഒ ഇത് വ്യക്തമാക്കി കൊണ്ടുള്ള വീഡിയോയും പങ്കുവച്ചിരുന്നു. 2023 സെപ്‌റ്റംബര്‍ നാലിന് എടുത്തതെന്ന് വ്യക്തമാക്കി പങ്കുവച്ച ഈ ദൃശ്യങ്ങളില്‍, ആദിത്യ എല്‍ 1 ലെ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC), സോളാർ അൾട്രാവയലറ്റ് ഇമേജർ (SUIT) തുടങ്ങിയ ഉപകരണങ്ങളും പേടകത്തിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
Also Read: Chandrayaan 3 With 3D Image വിക്രം ലാന്‍ഡറിനെ ഒപ്പിയെടുത്ത് 'നവ്‌കാം'; ആദ്യ ത്രീഡി ചിത്രം പങ്കുവച്ച് ചന്ദ്രയാന്‍ 3
വിജയക്കുതിപ്പ് തുടര്‍ന്ന്: ആദിത്യ എൽ 1 ഉപഗ്രഹം വിജയകരമായി തന്നെ മുന്നോട്ടു കുതിക്കുകയാണെന്ന് കഴിഞ്ഞദിവസം ഐഎസ്‌ആർഒ അറിയിച്ചിരുന്നു. ബെംഗളൂരുവിലെ ISRO ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ISTRAC) നിന്ന് പേടകത്തെ ഉയര്‍ന്ന ഭൂ ഭ്രമണപഥത്തിലേക്ക് മാറ്റാനുള്ള ദൗത്യം വിജയകരമായി നടത്തിയെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. 245 കി.മീ x 22459 കി.മീ ലായുള്ള പുതിയ ഭ്രമണപഥത്തിലാണ് ആദിത്യയുള്ളതെന്നും ഐഎസ്‌ആർഒ എക്‌സിൽ പങ്കുവച്ചിരുന്നു.തുടര്‍ന്ന് 2023 സെപ്റ്റംബർ അഞ്ചിനും ഉപഗ്രഹത്തെ അടുത്ത ദീര്‍ഘ വൃത്താകൃതിയിലുള്ള ഓര്‍ബിറ്റിലേക്ക് വിജയകരമായി മാറ്റിയിരുന്നു.
എന്താണ് ആദിത്യ എല്‍ 1:ഇന്ത്യയുടെ അഭിമാനമായി പറന്നുയര്‍ന്ന ആദിത്യ, സൂര്യന്‍റെ അന്തരീഷം, സൂര്യന്‍റെ കാന്തികക്ഷേത്രം, സൂര്യന്‍റെ പുറം പാളി ചൂടിന്‍റെ പുറംന്തള്ളൽ, സൂര്യനിൽ നടക്കുന്ന സ്‌ഫോടനങ്ങൾ, അതുവഴി പുറത്തേയ്‌ക്കു വിടുന്ന ഊർജത്തെപ്പറ്റിയുമാണ് പ്രധാനമായും പഠിക്കാന്‍ ലക്ഷ്യമിടുന്നത്.
ആദിത്യ എല്‍ 1 വിക്ഷേപിച്ച ശനിയാഴ്‌ച (02.09.2023) തന്നെ, പിഎസ്എൽവി റോക്കറ്റിൽ നിന്ന് പേടകം വിജയകരമായി വേർപെട്ട് സ്വാതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യം വിജയകരമാക്കുന്നതിന് പിന്തുണയും എല്ലാവിധ സംഭാവനകളും നൽകിയ ശാസ്‌ത്രജ്ഞരെയും ഐഎസ്ആർഒ ചെയർമാൻ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
സെപ്‌തംബര്‍ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ആദിത്യ എൽ 1 വഹിച്ചുകൊണ്ടുള്ള പിഎസ്‌എൽവി കുതിച്ചുയര്‍ന്നത്.