ഹൈദരാബാദ്: രാമായണകഥയെ ആസ്‌പദമാക്കി ത്രീഡി ദൃശ്യവിസ്‌മയത്തിലൊരുങ്ങുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ സിനിമയ്‌ക്ക് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റിവച്ചിരുന്നു. ചിത്രം ജൂണില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. ആദിപുരുഷിന്‍റെ ടീസര്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയെങ്കിലും പ്രഭാസ് കൃതി സനോണ്‍ ജോഡിയുടെ പ്രണയ രംഗങ്ങളാണ് ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഒരുങ്ങുന്ന പ്രധാന ഘടകം.
പ്രധാന ആകര്‍ഷണം രാമന്‍-സീത പ്രണയം:ചിത്രത്തില്‍ ഇരുവരും പ്രണയജോഡികളായി എത്തിയതോടെ യഥാര്‍ഥ ജീവിതത്തില്‍ പ്രഭാസ്-കൃതി ഡേറ്റിങ്ങിനെക്കുറിച്ചും വിവാഹ നിശ്ചയത്തെക്കുറിച്ചും ആരാധകര്‍ക്കിടയില്‍ കിംവദന്തികള്‍ പടരുകയാണ്. ചിത്രത്തിലെ വിഎഫ്‌എക്‌സ് എഡിറ്റിനെ മാറ്റിനിര്‍ത്തിയാല്‍ പ്രഭാസ്-കൃതി താരങ്ങളുടെ ഓണ്‍സ്‌ക്രീന്‍ പ്രണയമാണ് പ്രധാന ആകര്‍ഷണമെന്ന് എഡിറ്റര്‍ ആഷിഷ് മാത്രെ പറയുന്നു. ആദിപുരുഷില്‍ താരങ്ങളുടെ പ്രണയത്തെക്കുറിച്ച് വര്‍ണിക്കുവാന്‍ തനിക്ക് വാക്കുകളില്ലെന്ന് ആഷിഷ് പ്രതികരിച്ചു.
കൂടാതെ, ഇരുവരുടെയും വൈകാരികമായ സീനുകള്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുമെന്നതില്‍ ഉറപ്പുണ്ട്. ഒരുപക്ഷേ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നതിനാലായിരിക്കും പ്രഭാസ്- കൃതി ജോഡി ഓണ്‍സ്‌ക്രീനില്‍ ഇത്രമാത്രം ആകര്‍ഷകമായി തോന്നിയതെന്ന് ചിത്രത്തിന്‍റെ എഡിറ്റര്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള കെമിസ്‌ട്രി ആരാധകരുടെ സംശയത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ്.
വിവാഹ അഭ്യൂഹങ്ങള്‍: സിനിമ നിരൂപകന്‍ എന്ന് വിശേഷിപ്പിക്കുന്ന ഉമൈര്‍ സന്ധുവായിരുന്നു പ്രഭാസിന്‍റെയും കൃതി സനോണിന്‍റെയും വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഇരുവരുടെയും വിവാഹ നിശ്ചയം മാലിദ്വീപില്‍ നടക്കുമെന്ന വിവരം ട്വിറ്ററിലൂടെയാണ് ഉമൈര്‍ അറിയിച്ചത്. 'പ്രഭാസ്-കൃതി സനോണ്‍ വിവാഹ നിശ്ചയം അടുത്ത ആഴ്‌ച മാലിദ്വീപില്‍ വച്ച് നടക്കും- വളരെയധികം സന്തോഷം തോന്നുന്നു'- ഉമൈര്‍ ട്വീറ്റ് ചെയ്‌തു.