ഹൈദരാബാദ് : കാത്തിരിപ്പിന് വിരാമമിട്ട് ആദിപുരുഷിന്‍റെ ട്രെയിലർ പുറത്ത്. നടൻ പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്‌ത ചിത്രമാണ് ആദിപുരുഷ്. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ പ്രഭാസ് രാമനായും കൃതി സനോൺ സീതയായും സണ്ണി സിംഗ് ലക്ഷ്‌മണനായുമാണ് എത്തുന്നത്.
ലങ്കേഷിന്‍റെ വേഷത്തിൽ സെയ്‌ഫ് അലി ഖാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യ കൂടാതെ കാനഡ, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്‌ഡം, മലേഷ്യ, ന്യൂസിലാൻഡ്, സിംഗപ്പൂർ, റഷ്യ, ഈജിപ്‌ത് തുടങ്ങി 70 രാജ്യങ്ങളിലാണ് ആദിപുരുഷിന്‍റെ ട്രെയിലർ പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിനാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്.
'രാജ്യത്തിന്‍റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രം' : ജൂൺ 13ന് ന്യൂയോർക്കിൽ നടക്കുന്ന ട്രൈബേക്ക ഫിലിം ഫെസ്റ്റിവലിൽ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. പ്രദർശനത്തിന് മുൻപേ വേൾഡ് പ്രീമിയറിനൊരുങ്ങുന്ന ചിത്രം രാജ്യത്തിന്‍റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഒന്നായിരിക്കുമെന്ന് നടൻ പ്രഭാസ് പറഞ്ഞു. ഇത്തരം ഒരു പ്രൊജക്‌ടിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ഇന്ത്യൻ സിനിമകളിൽ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ആദിപുരുഷ് ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിൽ നടൻ എന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും അഭിമാനം കൊള്ളുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
also read :റിലീസിന് മുമ്പ് വേള്‍ഡ് പ്രീമിയറില്‍; 'ആദിപുരുഷ്' ട്രൈബെക്ക ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിക്കും
ടീസറിന് പുറമേ ട്രോളുകളും വിമർശനങ്ങളും : അതേസമയം ആദിപുരുഷ് ഒരു സിനിമ എന്നതിലുപരി ഒരു വികാരമാണെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ഓം റൗട്ട് പറഞ്ഞു. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയ സമയത്ത് ആദിപുരുഷിന്‍റെ ഉള്ളടക്കത്തേയും വിഎഫ്‌എക്‌സിനേയും പരാമർശിച്ച് നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. രാമായണത്തെ തെറ്റായാണ് ആദിപുരുഷിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നായിരുന്നു ഒരു വിഭാഗം ഉയർത്തിയ വിമർശനം.