ഹൈദരാബാദ് :തെലങ്കാനയില്‍'ആദിപുരുഷ്' പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ ഹിന്ദു ദൈവം ഹനുമാനുവേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ ബ്രമരംഭ തിയേറ്ററിലാണ് സംഭവം. ചിത്രത്തിലെ നായകനായ പ്രഭാസിന്‍റെ ആരാധകരാണ് യുവാവിനെ മര്‍ദിച്ചതെന്നാണ് വിവരം.
യുവാവിന് മർദനമേറ്റെന്ന് പറയപ്പെടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. 'ആദിപുരുഷ്' സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഹനുമാനുവേണ്ടി ഒരു സീറ്റ് ഒഴിച്ചിടണമെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ഓം റൗട്ടാണ് അഭ്യർഥിച്ചത്. ഇത് ഒരുവിധം തിയേറ്ററുകളില്‍ നടപ്പാക്കിയിരുന്നു.
'ഇന്ന് പുലർച്ചെ ഹൈദരാബാദിലെ ബ്രമരംഭ തിയേറ്ററിൽ, ഹനുമാൻ ഭഗവാനായി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നതിന് ഒരാളെ പ്രഭാസ് ആരാധകർ ആക്രമിച്ചു' - വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്റർ ഉപയോക്താവ് കുറിച്ചു. ആള്‍ക്കൂട്ടം യുവാവിനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, സംഭവത്തില്‍ യുവാവ് പരാതിപ്പെട്ടോ, പൊലീസ് കേസെടുത്തോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.
മോശം റിവ്യൂ പറഞ്ഞതിന് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം : ആദിപുരുഷിനെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞതിന് യുവാവിന് നേരെ ആക്രമണം. ഹൈദരാബാദിലെ തിയേറ്ററിന് മുന്നില്‍വച്ചാണ് ഇന്ന് യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഓണ്‍ലൈന്‍ ചാനലിന് പ്രതികരണം നല്‍കവെയായിരുന്നു യുവാവിന് നേരെ ആക്രമണം. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പ്രചരിക്കുന്ന വീഡിയോയില്‍ യുവാവ് സിനിമയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ഓണ്‍ലൈന്‍ ചാനലിനോട് പങ്കുവയ്‌ക്കുന്നത് വ്യക്തമാണ്. 'പ്ലേ സ്റ്റേഷൻ ഗെയിമുകളിൽ നിന്ന് എല്ലാ രാക്ഷസന്മാരെയും ചിത്രത്തില്‍ എത്തിച്ചിട്ടുണ്ട്. ഹനുമാന്‍, പശ്ചാത്തല സംഗീതം, ത്രീഡി ഷോട്ടുകള്‍ എന്നിവയൊന്നും പ്രതീക്ഷിച്ചതുപോലെ ആയില്ല' - ഇങ്ങനെയായിരുന്നു ഇയാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
READ MORE |Adipurush release: 'ഗെയിമുകളിലെ എല്ലാം രാക്ഷസന്മാരുമുണ്ട്'; ആദിപുരുഷിന് മോശം റിവ്യൂ പറഞ്ഞതിന് യുവാവിന് ആള്‍ക്കൂട്ടമര്‍ദനം
പുറമെ, ചിത്രത്തില്‍ രാഘവായി എത്തുന്ന പ്രഭാസിന്‍റെ പ്രകടനത്തെക്കുറിച്ചും യുവാവിനോട് മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചു. അദ്ദേഹത്തിന് ഈ ക്യാരക്‌ടര്‍ ഒട്ടും ചേരുന്നില്ല. ബാഹുബലിയില്‍ അദ്ദേഹം രാജാവും അതിന്‍റേതായ പ്രൗഢിയിലുമാണെത്തിയത്. ആ രാജകീയത കണ്ടുതന്നെയാവണം അദ്ദേഹത്തെ ഈ വേഷത്തിലേക്ക് ക്ഷണിച്ചതും. എന്നാല്‍, പ്രഭാസിനെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ ഓം റൗട്ടിന് കഴിഞ്ഞില്ലെന്നും യുവാവ് പ്രതികരിച്ചു. ഇത് പറഞ്ഞുതീരും മുന്‍പാണ് ഒരുകൂട്ടം ആളുകള്‍ മര്‍ദിച്ചത്.
ജയ്‌ശ്രീറാം പാടി നൃത്തം ചെയ്‌ത് പ്രഭാസ് ആരാധകര്‍ :പ്രഭാസ്, കൃതി സനോൻ, സെയ്‌ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ആദിപുരുഷ്' വലിയ ആരവങ്ങളോടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഹൈന്ദവ ഇതിഹാസമായ രാമായണം ആസ്‌പദമാക്കിയാണ് ഓം റൗട്ട് ചിത്രമൊരുക്കിയത്.
ജാനകിയായി കൃതി സനോണും, ലങ്കേഷായി സെയ്‌ഫ് അലി ഖാനും, ലക്ഷ്‌മണനായി സണ്ണി സിങ്ങും, ഹനുമാനായി ദേവദത്ത നാഗെയുമാണ് വേഷമിടുന്നത്. 'ആദിപുരുഷ്' റിലീസിനോടനുബന്ധിച്ച് നിരവധി ആഘോഷ പരിപാടികളാണ് പ്രഭാസ് ആരാധകര്‍ ഒരുക്കിയിരുന്നത്.